പൂച്ചെണ്ടുകള്‍ക്ക് പകരം പുസ്തകം കൊണ്ടുവരൂ: സത്യപ്രതിജ്ഞയ്ക്ക് എത്തുന്നവരോട് ജാര്‍ഖണ്ഡ് നിയുക്ത മുഖ്യമന്ത്രി ഹേമന്ത് സോറന്‍

റാഞ്ചി: സത്യപ്രതിജ്ഞാ ചടങ്ങിന് ആശംസകളുമായി എത്തുന്നവര്‍ പൂച്ചെണ്ടുകള്‍ക്ക് പകരം പുസ്തകം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ജാര്‍ഖണ്ഡ് നിയുക്ത മുഖ്യമന്ത്രി ഹേമന്ത് സോറന്‍. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് ഹേമന്തിന്റെ അഭ്യര്‍ഥന.

‘വളരെ കുറച്ച് ആയുസ്സ് മാത്രമുള്ള പൂച്ചെണ്ടുകള്‍ക്ക് പകരം നിങ്ങളുടെ പേരെഴുതിയ പുസ്തകള്‍ തരൂ. സമ്മാനമായി നിങ്ങള്‍ നല്‍കുന്ന ഓരോ പുസ്തകങ്ങളും നിങ്ങളുടെ ഓര്‍മ്മയ്ക്ക് ഒരു ലൈബ്രറി ഉണ്ടാക്കി, അതില്‍ സൂക്ഷിക്കാം.’- ഹേമന്ത് ട്വിറ്റര്‍ പോസ്റ്റില്‍ കുറിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രയങ്കാ ഗാന്ധി വധേര, പി ചിദംബരം, അഹമ്മദ് പട്ടേല്‍ എന്നിവര്‍ പങ്കെടുക്കും. കൂടാതെ, മുഖ്യമന്ത്രിമാരായ മമത ബാനര്‍ജി, അശോക് ഗലട്ട്, ഉദ്ദവ് താക്കറെ, ഭുപേഷ് ഭഗേല്‍, അരവിന്ദ് കെജ്രിവാള്‍, കമല്‍നാഥ്, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ടിഡിപി അധ്യക്ഷന്‍ എന്‍. ചന്ദ്രബാബു നായിഡു, മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് എന്നിവരും പങ്കെടുക്കുന്നതാണ്.

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നിയമസഭയിലെ 81 സീറ്റില്‍ 47 സീറ്റാണു മഹാസഖ്യം നേടിയത്. (ജെഎംഎം 30, കോണ്‍ഗ്രസ് 16), ബിജെപി ക്ക് 25 സീറ്റേ നേടാനായുള്ളൂ. സോറനെ മന്ത്രിസഭയുണ്ടാക്കാന്‍ ഗവര്‍ണര്‍ ദ്രൗപതി മുര്‍മു ചൊവ്വാഴ്ച ക്ഷണിച്ചിരുന്നു.

Exit mobile version