മുസ്ലീങ്ങളെ അരക്ഷിതരാക്കുന്ന എൻആർസിയെ പൂർണ്ണമായും എതിർക്കും; ബിജെപിയുടെ തലവേദന കൂട്ടി സഖ്യകക്ഷി ശിരോമണി അകാലിദൾ; മോഡിക്കും അമിത് ഷായ്ക്കും കൊട്ട്

ഛണ്ഡീഗഢ്: ദേശീയ പൗരത്വ രജിസ്റ്റർ രാജ്യമൊട്ടാകെ നടപ്പാക്കുന്നതിനെ എതിർക്കുന്നതായി ബിജെപിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ. എൻആർസി മുസ്ലീങ്ങൾക്കടക്കം അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും ശിരോമണി അകാലിദൾ ആരോപിച്ചു. എൻഡിഎ ഘടകകക്ഷികൾക്കിടയിൽ മെച്ചപ്പെട്ട ഏകോപനം വേണ്ടതുണ്ട്. അടൽ ബിഹാരി വാജ്പേയിയുടെ കാലഘട്ടത്തിൽ അതുണ്ടായിരുന്നുവെന്നും അകാലിദൾ നേതാവും രാജ്യസഭാ എംപിയുമായ നരേഷ് ഗുജ്റാൾ ബിജെപി നേതൃത്വത്തെ ഉന്നംവെച്ചുകൊണ്ട് പറഞ്ഞു.

എൻആർസി രാജ്യത്ത് നടപ്പാക്കരുത്. ബിജെപി സർക്കാർ ഇക്കാര്യത്തിൽ പുനർവിചിന്തനം നടത്തണം. എൻആർസി സംബന്ധിച്ച് മുസ്ലിം സമുദായാംഗങ്ങൾക്ക് നിരവധി സംശയങ്ങളും ആശങ്കകളുമുണ്ട്. ഞങ്ങൾ എൻആർസിക്ക് എതിരാണ്. സർക്കാരാണ് നടപ്പിലാക്കില്ലെന്ന് പറയേണ്ടത്. ന്യൂനപക്ഷമായ സിഖ് സമുദായത്തേയാണ് ശിരോമണി അകാലിദൾ പ്രതിനിധീകരിക്കുന്നതെന്നും അതുകൊണ്ട് തന്നെ മറ്റു ന്യൂനപക്ഷങ്ങളുടെ ആശങ്കകളും വികാരങ്ങളും ഞങ്ങൾക്ക് മനസ്സിലാകും. മുസ്‌ലീങ്ങൾ അരക്ഷിതരാകാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല. 1984-ന് ശേഷം സിഖുകാർക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടാൻ തുടങ്ങി എന്ന വസ്തുത കണക്കിലെടുത്ത് ഒരു ന്യൂനപക്ഷത്തിനും ഒരു തരത്തിലും അരക്ഷിതാവസ്ഥ അനുഭവപ്പെടാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ഗുജ്‌റാൾ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിൽ മുസ്ലിം വിഭാഗക്കാരെക്കൂടി ഉൾപ്പെടുത്തണമെന്നാണ് ശിരോമണി അകാലിദൾ ആഗ്രഹിക്കുന്നത്. പാർലമെന്റിൽ ബിൽ പാസാക്കുന്ന വേളയിൽ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. 6000 ത്തോളം സിഖ് സമുദായാംഗങ്ങൾ നിയമത്തിൽ ഉൾപ്പെട്ടതുകൊണ്ടാണ് ബില്ലിനെ പാർലമെന്റിൽ പിന്തുണച്ചത്. രാജ്യത്ത് സമാധാനവും ഐക്യവും തുടരണം. മതത്തിന്റെ പേരിൽ ഭിന്നിപ്പുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version