സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല ഇത്രയും വലിയ പ്രതിഷേധമുണ്ടാകുമെന്ന്, ഞാന്‍ മാത്രമല്ല ബിജെപിയിലെ മറ്റ് നേതാക്കളും; തുറന്ന് പറഞ്ഞ് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇത്രത്തോളം ശക്തമായ പ്രതിഷേധം ഉയരുമെന്ന് താന്‍ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചില്ലെന്ന് കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍. തനിക്ക് മാത്രമല്ല, ഇത്തരത്തിലൊരു പ്രതിഷേധം ഉയരുമെന്ന് മുന്‍കൂട്ടിക്കാണാന്‍ ബിജെപിയുടെ മറ്റ് ജനപ്രതിനിധികള്‍ക്കും സാധിച്ചില്ലെന്നും സഞ്ജീവ് ബല്യാന്‍ പറഞ്ഞു.

രാജ്യത്ത് പൗരത്വ നിയമഭേദഗതിക്കെതിരെ ആളിക്കത്തിയ പ്രതിഷേധത്തില്‍ ഇതിനോടകം 21ല്‍ അധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പ്രധാനമന്ത്രി പദത്തിലെത്തിയതിനു ശേഷം നരേന്ദ്ര മോഡി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ് പൗരത്വ നിയമ ഭേദഗതി ഇപ്പോള്‍. അതിനിടെയാണ് പ്രതിഷേധം ഇത്രത്തോളം ശക്തമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കേന്ദ്രമന്ത്രി തുറന്ന് പറഞ്ഞിരിക്കുന്നത്.

‘രാജ്യത്ത് ഇത്രത്തോളം പ്രതിഷേധം ഉയരുമെന്ന് തനിക്കറിയില്ലായിരുന്നു. തനിക്ക് മാത്രമല്ല, ബിജെപിയുടെ മറ്റ് ജനപ്രതിനിധികള്‍ക്കും ഇത്തരത്തിലൊരു പ്രതിഷേധം ഉയരുമെന്ന് മുന്‍കൂട്ടിക്കാണാന്‍ സാധിച്ചില്ലെന്ന്- സഞ്ജീവ് ബല്യാന്‍ പ്രതികരിച്ചു. സഞ്ജീവിന് പുറമെ പേരു വെളിപ്പെടുത്താതെ മറ്റ് രണ്ട് കേന്ദ്രമന്ത്രിമാരും മൂന്ന് ജനപ്രതിനിധികളും സമാന അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ പ്രതിഷേധമുണ്ടാകുമെന്ന് എന്‍ഡിഎ സര്‍ക്കാര്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ച് കാണില്ലെന്ന് റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തിലുണ്ടായ കോട്ടം പരിഹരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Exit mobile version