കഷ്ടം, മേഘം മറച്ചു; എനിക്ക് സൂര്യഗ്രഹണം കാണാനായില്ല, എന്നാൽ കോഴിക്കോട്ടെ ഗ്രഹണം കണ്ടു; നിരാശ മറച്ചുവെയ്ക്കാതെ മോഡി

ന്യൂഡൽഹി/തൃശ്ശൂർ: നൂറ്റാണ്ടിലെ ആകാശ വിസ്മയമായ വലയ സൂര്യഗ്രഹണം ഇന്ത്യയിൽ മിക്കയിടത്തും വ്യക്തമായി ദൃശ്യമായതിന്റെ സന്തോഷത്തിലാണ് ശാസ്ത്ര കുതുകികൾ. ഇതിനിടയ്ക്ക് മേഘം മറച്ചതിനാൽ സൂര്യഗ്രഹണം നേരിട്ട് കാണാൻ സാധിക്കാതെ പോയതിന്റെ നിരാശ പങ്കുവെച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കൗതുകത്തോടെ താൻ കാത്തിരുന്നു എന്നും എന്നാൽ നിർഭാഗ്യവശാൽ മേഘം സൂര്യനെ മറച്ചതിനാൽ ഗ്രഹണം നേരിട്ട് കാണാനായില്ലെന്നും മോഡി സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചു. കോഴിക്കോട് നിന്നുള്ള സൂര്യഗ്രഹണത്തിന്റെ തൽസമയ ദൃശ്യങ്ങൾ വീക്ഷിക്കാനായി എന്നും വിദഗ്ധരുമായി വിഷയത്തെ കുറിച്ച് ചർച്ച നടത്തി കൂടുതൽ അറിവ് നേടിയെന്നും മോഡി ട്വീറ്റ് ചെയ്തു.

അതേസമയം, രാവിലെ എട്ടുമണിമുതൽ സൂര്യഗ്രഹണം വീക്ഷിക്കാനായി ഒരുക്കിയ കേന്ദ്രങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വിദ്യാർത്ഥികളാണ് ഈ വിസ്മയം വീക്ഷിക്കാൻ ഓടിയെത്തിയവരിൽ ഭൂരിഭാഗവും. രാവിലെ 9.30യോടെ കേരളത്തിലെ മിക്കയിടത്തും വലയ ഗ്രഹണം വ്യക്തമായി ദൃശ്യമായി.

ഇതോടൊപ്പം ഗ്രഹണ സമയത്ത് സൂര്യനെ ഒരിക്കലും നഗ്‌ന നേത്രങ്ങൾ കൊണ്ടോ കൂളിങ് ഗ്ലാസ്, എക്സറേ ഫിലിമുകൾ എന്നിവ ഉപയോഗിച്ചോ വീക്ഷിക്കരുതെന്ന് ശാസ്ത്ര ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. നിർബന്ധമായും ഇത് പാലിക്കുക. നേരിട്ട് സൂര്യനെ നോക്കുന്നത് കാഴ്ചശക്തി നഷ്ടപ്പെടാൻ വരെ ഇടയാക്കും. സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് കിരണങ്ങളാണ് ഗ്രഹണ സമയത്ത് വില്ലനാകുന്നത്. ഇത്തരത്തിൽ കാഴ്ച നഷ്ടപ്പെട്ടാൽ അതിന് ചികിത്സയില്ലെന്നും വിദഗ്ധർ പറയുന്നു.

Exit mobile version