ബിജെപിക്കുള്ളിലെ വിവേചനത്തില്‍ അതൃപ്തി; പരസ്യമായി പൊട്ടിത്തെറിച്ച് ബിജെപി വനിത നേതാവ് ഷാസിയ ഇല്‍മി

ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ പക്ഷപാതവും വിവേചനവും കാണിക്കുന്നതായി അവര്‍ ആരോപിച്ചു

ന്യൂഡല്‍ഹി: ബിജെപിക്കുള്ളിലെ വിവേചനത്തില്‍ അതൃപ്തി വ്യക്തമാക്കി ഡല്‍ഹി ബിജെപി വൈസ് പ്രസിഡന്റ് ഷാസിയ ഇല്‍മി. ബിജെപി ഡല്‍ഹി ഗ്രൂപ്പിന്റെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെയാണ് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ എത്തിയ ഷാസിയ തന്റെ അതൃപ്തി അറിയിച്ചത്. ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ പക്ഷപാതവും വിവേചനവും കാണിക്കുന്നതായി അവര്‍ ആരോപിച്ചു.

ബിജെപിയ്ക്കുള്ളിലെ ഭിന്നത മറനീക്കി വീണ്ടും പുറത്തുവന്നിരിക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിക്കുള്ളിലെ വിവേചനത്തിനെതിരെ ഷാസിയ രംഗത്തെത്തിയത്. ഞായറാഴ്ച രാംലീല മൈതാനിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത സമ്മേളനത്തില്‍ സ്റ്റേജില്‍ പ്രവേശിക്കാന്‍ അനുമതി നല്കാതിരുന്നതോടെ ഷാസിയ ഡല്‍ഹി നേതൃത്വത്തിനെതിരെ പരസ്യമായി പൊട്ടിത്തെറിക്കുകയായിരുന്നു. ഡല്‍ഹി ഘടകത്തിലെ മറ്റുനേതാക്കള്‍ക്ക് പ്രധാനവേദിയില്‍ ഇരിക്കുന്നതിനുള്ള പാസ് നല്‍കിയിരുന്നെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് തയ്യാറാക്കിയ സ്ഥലത്താണ് ഷാസിയക്ക് ഇരിപ്പിടം കിട്ടിയത്.

ഇതോടെയാണ് പാര്‍ട്ടി അധികൃതരുടെ നിലപാടുകളില്‍ അവര്‍ അസംതൃപ്തി വ്യക്തമാക്കിയത്. എന്നാല്‍ ബിജെപിയുടെ ഡല്‍ഹി ഘടകത്തിലെ നേതാക്കളോടായിരുന്നു എനിക്ക് അതൃപ്തിയെന്നും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തന്റെ പരാതി മുഖവിലയ്‌ക്കെടുത്തിട്ടുണ്ടെന്നും ബിജെപി ഹൈക്കമാന്‍ഡ് വിഷയത്തില്‍ ഇടപെടമെന്ന് അറിയിച്ചതിനാല്‍ താന്‍ സംതൃപ്തയാണെന്നും ആരോപണത്തെ കുറിച്ചുള്ള ഒരു ദേശീയ മാധ്യമത്തിന്റെ ചോദ്യത്തോട് ഷാസിയ പ്രതികരിച്ചു.

Exit mobile version