ബിജെപിക്കൊപ്പം ചേർന്നതും മതവും രാഷ്ട്രീയവും ഒന്നിച്ച് കണ്ടത് തെറ്റായി പോയി; ഏറ്റുപറഞ്ഞ് ഉദ്ധവ് താക്കറെ

നാഗ്പുർ: മതത്തെ രാഷ്ട്രീയവുമായി ചേർത്ത് ബിജെപിക്കൊപ്പം ചേർന്നത് തെറ്റായി പോയെന്ന് ഏറ്റ് പറഞ്ഞ് ശിവസേന. കഴിഞ്ഞയാഴ്ച മഹാരാഷ്ട്ര നിയമസഭ സമ്മേളനത്തിലായിരുന്നു പറ്റിയ തെറ്റിനെ കുറിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ് താക്കറെ തുറന്നുപറഞ്ഞ്. ദേവേന്ദ്ര ഫഡ്‌നവിസ് ജനവിധിയെ കുറിച്ച് സംസാരിക്കുന്നു. പക്ഷെ ഇത് രാഷ്ട്രീയമാണ്. രാഷ്ട്രീയത്തെയും മതത്തെയും കൂട്ടിക്കുഴക്കുന്നത് തെറ്റാണ്. ധർമ്മിഷ്ടരും ചൂതുകളിയിൽ തോറ്റുവെന്നത് നമ്മൾ മറന്നുവെന്ന് മഹാഭാരത കഥയെ ഉദ്ധരിച്ചു കൊണ്ട് ഉദ്ധവ് താക്കറെ പറഞ്ഞു.

രാഷ്ട്രീയമെന്നത് ചൂതുകളിയാണ്. പക്ഷെ അതിനെ അതിന്റേതായ സ്ഥാനത്ത് നിർത്തണം. എന്നാൽ നമ്മളത് മറന്നു. നമ്മൾ 25 വർഷത്തോളം ഒരുമിച്ച് നിന്നു. ഹിന്ദുത്വയുടെ അടിസ്ഥാനത്തിലായിരുന്നു നമ്മൾ ഒന്നിച്ചു നിന്നത്. ഞങ്ങൾ മതം മാറിയിട്ടില്ല. ഇന്നും ഇന്നലെയും എന്നും ഞങ്ങൾ ഹിന്ദുക്കളാണ്. പക്ഷെ നിങ്ങളോ. നിങ്ങൾ എതിർപക്ഷത്തുള്ള മമത ബാനർജിയുമായും രാംവിലാസ് പസ്വാനുമായും പിഡിപിയുമായി വരെ സഖ്യത്തിലേർപ്പെട്ടു. ധർമ്മമെന്നത് പറയാൻ മാത്രമുള്ളതല്ല. പിന്തുടരാൻ കൂടിയുള്ളതാണ്. മതമെന്നത് പുസ്തകത്തിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും നിലനിൽക്കണമെന്നും ബിജെപിയെ കുറ്റപ്പെടുത്തി കൊണ്ട് ഉദ്ധവ് താക്കറെ പറഞ്ഞു.

തങ്ങളുടെ സർക്കാർ റിക്ഷയിൽ സഞ്ചരിക്കുന്നവർക്കൊപ്പമാണ് അല്ലാതെ ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കുള്ളത് മാത്രമല്ലെന്നും ഫഡ്‌നാവിസിനെ പരിഹസിച്ച് താക്കറെ പറഞ്ഞു. മഹാരാഷ്ട്രയിൽ ജപ്പാൻ സഹായത്തോടെ കൊണ്ടുവരാനിരുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ ചവറ്റുകൊട്ടയിലേക്ക് എറിയുകയും ചെയ്തു ഉദ്ധവ് താക്കറെ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്ന പദ്ധതിയായിരുന്നു ബുള്ളറ്റ് ട്രെയിന് പദ്ധതി.

Exit mobile version