നിയമപരമായി സാധ്യമായ എല്ലാ വഴികളും ഉപയോഗിക്കും; നിര്‍ഭയ കേസിലെ മൂന്ന് പ്രതികള്‍ ദയാഹര്‍ജി നല്‍കും

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധ ശിക്ഷ കാത്ത് കഴിയുന്ന മൂന്ന് പ്രതികള്‍ ദയാഹര്‍ജി നല്‍കുന്നതായി റിപ്പോര്‍ട്ട്. അക്ഷയ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത എന്നിവരാണ് ദയാഹര്‍ജി നല്‍കുക. നിയമപരമായി സാധ്യമായ എല്ലാ വഴികളും ഉപയോഗിക്കുമെന്നും പ്രതികള്‍ പറഞ്ഞു. അതേസമയം നാലു പ്രതികളില്‍ ഒരാളായ അക്ഷയ് സിംഗ് ഠാക്കൂര്‍ വധശിക്ഷ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും സുപ്രീംകോടതി തള്ളുകയാണുണ്ടായത്.

അതിനിടെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി പവന്‍ ഗുപ്ത ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കുറ്റകൃത്യം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും പ്രായം തെളിയിക്കുന്ന പരിശോധനകള്‍ നടന്നിട്ടില്ലെന്നും ഇയാള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇതും കോടതി തള്ളുകയുണ്ടായി. പുതിയ കാര്യങ്ങളൊന്നും പുനപരിശോധനാ ഹര്‍ജിയില്‍ കൊണ്ടുവരാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ വിലയിരുത്തല്‍.

2012 ഡിസംബര്‍ 16 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഡല്‍ഹി ബസില്‍ വെച്ചാണ് യുവാക്കള്‍ പെണ്‍കൂട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ചാണ് നിര്‍ഭയ മരണത്തിന് കീഴടങ്ങിയത്. നിര്‍ഭയ കേസിലെ നാല് പ്രതികളാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്.

ഒന്നാംപ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. മറ്റ് നാല് പ്രതികളായ മുകേഷ് സിങ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മം, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുന്നത്.

Exit mobile version