ബിജെപി സർക്കാരിൽ നിന്നും ജനാധിപത്യത്തിന് ഭീഷണി; ഇത് ഒന്നിച്ചുനിൽക്കേണ്ട സമയമാണ്; ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് മമത ബാനർജിയുടെ കത്ത്

കൊൽക്കത്ത: രാജ്യം ഭരിക്കുന്ന ബിജെപി സർക്കാരിൽ നിന്നുതന്നെ ജനാധിപത്യം ഭീഷണി നേരിടുന്ന ഈ കാലത്ത് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ട് എന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബിജെപി സർക്കാരിൽ നിന്നും ജനാധിപത്യം ഭീഷണി നേരിടുന്നുവെന്നും ഇതിനെതിരെ യോജിച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ ബിജെപി ഇതര മുഖ്യമന്ത്രിമാർക്കും മുതിർന്ന രാഷ്ട്രീയ നേതാക്കൾക്കും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കത്തുമയച്ചു. രാജ്യത്തെ രക്ഷിക്കാൻ എല്ലാവരും ഒരുമിക്കണമെന്ന് മമത കത്തിൽ ആവശ്യപ്പെടുന്നു.

പൗരത്വനിയമഭേദഗതിയും ദേശീയ പൗരത്വ പട്ടികയും നടപ്പിലാക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ സ്ത്രീകളും കുട്ടികളും കർഷകരും തൊഴിലാളികളും പട്ടികവർഗ വിഭാഗക്കാരും മറ്റ് ന്യൂനപക്ഷങ്ങളിൽപ്പെട്ടവരും പരിഭ്രാന്തിയിലാണ്. ഈ സാഹചര്യം ഏറെ ഗൗരവതരമാണ്. നമ്മൾ എന്നത്തേക്കാളും ഒരുമിച്ച് നിൽക്കേണ്ടസമയമാണിത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവിനെ കാത്തുസൂക്ഷിക്കുന്നതിനായി ഇതിനെതിരെ ഒരുമിച്ച് പോരാടണമെന്ന് പ്രതിപക്ഷത്തെ എല്ലാ മുതിർന്ന നേതാക്കളോടും രാഷ്ട്രീയ പാർട്ടികളോടും ആത്മാർഥമായി ആവശ്യപ്പെടുകയാണ്. മമതയുടെ കത്തിൽ പറയുന്നതിങ്ങനെ.

ഈ കത്തിന്റെ പകർപ്പ് സോണിയ ഗാന്ധി, ശരദ് പവാർ, വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പ്രതിപക്ഷ നിരയിലെ എല്ലാ മുഖ്യമന്ത്രിമാർക്കും അയച്ചിട്ടുണ്ട്.

Exit mobile version