ജാർഖണ്ഡിൽ ജെഎംഎം-കോൺഗ്രസ് മുന്നണി അധികാരത്തിലേക്ക്; ഹേമന്ത് സോറൻ സർക്കാർ രൂപീകരണത്തിന് അനുമതിക്കായി ഇന്ന് ഗവർണറെ കാണും

റാഞ്ചി: ജാർഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചതോടെ ഹേമന്ത് സോറന്റെ നേതൃത്വത്തിൽ സർക്കാർ രൂപവത്കരിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് അദ്ദേഹം ഇന്ന് ഗവർണറെ കാണും. തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം അനുസരിച്ച് ജെഎംഎമ്മിന് 30 സീറ്റുകളും കോൺഗ്രസിന് 16 സീറ്റുമാണ് ലഭിച്ചിരിക്കുന്നത്. ബിജെപിക്ക് 25 സീറ്റാണ് ലഭിച്ചത്.

ഈ സാഹചര്യത്തിൽ കൂടുതൽ പ്രശ്‌നങ്ങളിലേക്ക് നീങ്ങാതെ ഇന്നുതന്നെ സർക്കാർ രൂപീകരണ നടപടികളിലേയ്ക്ക് സഖ്യകക്ഷികൾ നീങ്ങും എന്നാണ് റിപ്പോർട്ട്. ജെഎംഎമ്മിന്റെ നിയമസഭാ കക്ഷി യോഗം ഇന്ന് റാഞ്ചിയിൽ ചേരുന്നുണ്ട്. പാർലമെന്ററി പാർട്ടി നേതാവായി ഹേമന്ത് സോറനെ തിരഞ്ഞെടുക്കും. തുടർന്ന് കോൺഗ്രസ്, ആർജെഡി തുടങ്ങിയ സഖ്യകക്ഷികളുമായും യോഗം ചേരും. തുടർന്നായിരിക്കും ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തന് അവകാശവാദം ഉന്നയിക്കുക.

ആകെയുള്ള 81 സീറ്റുകളിൽ 42 സീറ്റുകൾ നേടിയാൽ കേവല ഭൂരിപക്ഷം ലഭിക്കും. ജെഎംഎം-കോൺഗ്രസ്-ആർജെഡി സഖ്യത്തിന് 47 സീറ്റുകൾ ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടർന്ന് മുഖ്യമന്ത്രി രഘുബർദാസ് ഇന്നലെ രാത്രിയോടെ രാജിവെച്ചിരുന്നു. അതേസമയം, മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും മികച്ച വിജയമാണ് ഹേമന്ത് സോറൻ നേടിയത്. ധുംക മണ്ഡലത്തിൽ 13,188 വോട്ടിന്റെയും ബർഹെടിൽ 25,740 വോട്ടിന്റെയും ഭൂരിപക്ഷം അദ്ദേഹത്തിന് ലഭിച്ചു. മുൻ കേന്ദ്രമന്ത്രി ഷിബു സോറന്റെ മകനും നിലവിൽ ജെഎംഎം വർക്കിങ് പ്രസിഡന്റുമാണ് ഹേമന്ത് സോറൻ.

Exit mobile version