മോഡിയും അമിത് ഷായും പറയുന്നത് പരസ്പര വിരുദ്ധം, ആരാണു ശരി? ആരാണു തെറ്റ്? എന്നത് ജനങ്ങള്‍ തീരുമാനിക്കും; മമത ബാനര്‍ജി

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ബിജെപി റാലിയില്‍ എന്‍ആര്‍സി രാജ്യവ്യാപകമായി നടപ്പാക്കാനിടയില്ലെന്നു മോഡി പറഞ്ഞിരുന്നു

ന്യൂഡല്‍ഹി: ദേശീയ പൗര റജിസ്റ്റര്‍ (എന്‍ആര്‍സി) വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നരേന്ദ്ര മോഡി പറയുന്നത് അമിത് ഷാ പറഞ്ഞതില്‍നിന്നു നേരെ എതിരാണെന്നും രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും വിരുദ്ധസ്വരമാണെന്നും മമത ആരോപിച്ചു.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ബിജെപി റാലിയില്‍ എന്‍ആര്‍സി രാജ്യവ്യാപകമായി നടപ്പാക്കാനിടയില്ലെന്നു മോഡി പറഞ്ഞിരുന്നു. ഇത് പരാമര്‍ശിച്ച് കൊണ്ടാണ് ട്വിറ്ററിലൂടെയുള്ള മമതയുടെ പ്രതികരണം. പൗരത്വ റജിസ്റ്റര്‍ ബംഗാളില്‍ നടപ്പാക്കില്ലെന്നു മമത പറഞ്ഞതിനെ വിമര്‍ശിച്ച്, മമത നിയമമറിയാവുന്ന ആരോടെങ്കിലും ഉപദേശം തേടണമെന്നും മോഡി പറഞ്ഞിരുന്നു.

ഇതിന് മറുപടിയെന്നോളമാണ് മമത ഇപ്പോള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘പൊതുവേദിയില്‍ ഞാന്‍ പറഞ്ഞതും നിങ്ങള്‍ പറഞ്ഞതും ജനങ്ങള്‍ വിലയിരുത്തും. രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും വിരുദ്ധസ്വരമാണ്. ആരാണ് രാജ്യത്തിന്റെ അടിസ്ഥാന ആശയത്തെ ഭിന്നിപ്പിക്കുന്നത്? ആരാണു ശരി ആരാണു തെറ്റ് എന്നത് ജനങ്ങള്‍ തീരുമാനിക്കും’- എന്നാണ് മമത ട്വിറ്ററില്‍ കുറിച്ചത്.

Exit mobile version