പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം; ചെന്നൈയില്‍ നടക്കുന്ന പ്രതിപക്ഷ മഹാറാലിയില്‍ ഉലകനായകന്‍ പങ്കെടുക്കില്ല

ആരോഗ്യ പ്രശ്‌നം ഉള്ളത് കൊണ്ടാണ് ഉലകനായകന്‍ മഹാറാലിയില്‍ പങ്കെടുക്കാത്തത് എന്നാണ് വിശദീകരണം

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധമാണ് നടക്കുന്നത്. അതേസമയം ഇന്ന് പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചെന്നൈയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടക്കുന്ന മഹാറാലിയില്‍ നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ഹാസന്‍ പങ്കെടുക്കില്ല. ആരോഗ്യ പ്രശ്‌നം ഉള്ളത് കൊണ്ടാണ് ഉലകനായകന്‍ മഹാറാലിയില്‍ പങ്കെടുക്കാത്തത് എന്നാണ് വിശദീകരണം. നേരത്തേ ഡിഎംകെയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും സംയുക്തമായി നടത്തുന്ന മഹാറാലിയില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

വിദഗ്ധ ചികിത്സയ്ക്കായി തനിക്ക് വിദേശത്തേക്ക് പോകണ്ടതുണ്ടെന്ന് കാണിച്ച് ഉലകനായകന്‍ കലല്‍ഹാസന്‍ ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന് കത്ത് നല്‍കിയിട്ടുണ്ട്. അതേസമയം മക്കള്‍ നീതി മയ്യം പ്രവര്‍ത്തകര്‍ മഹാറാലിയില്‍ പങ്കെടുക്കുന്നുണ്ട്.

ഇന്ന് നടക്കുന്ന മഹാറാലിയില്‍ ഒരു ലക്ഷം പേരെയെങ്കിലും അണിനിരത്താനാണ് ഡിഎംകെയുടെ ശ്രമം. അതേസമയം ഈ റാലി തടയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ മക്കള്‍ കക്ഷി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു. എന്നാല്‍ പ്രതിഷേധ റാലി മുഴുവനും വീഡിയോയില്‍ ചിത്രീകരിക്കണമെന്ന് പോലീസിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Exit mobile version