മുദ്രാവാക്യം വിളിക്കേണ്ട, ജനാധിപത്യരീതിയിലുള്ള സംവാദം മതിയെന്ന് മദ്രാസ് ഐഐടി; പ്രതിഷേധപ്രകടനങ്ങള്‍ വിലക്കുന്നത് മൗലികാവകാശലംഘനമെന്ന് വിദ്യാര്‍ത്ഥികള്‍

ചെന്നൈ: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധത്തിനിറങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയ മദ്രാസ് ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് നിര്‍ദേശങ്ങള്‍ നല്‍കി. ക്യാംപമ്പസില്‍ സുരക്ഷ ഉറപ്പാക്കേണ്ടതിനാല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുമുമ്പ് അനുമതി തേടണമെന്നും മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതിന് പകരം ജനാധിപത്യരീതിയില്‍ സംവാദങ്ങള്‍ സംഘടിപ്പിക്കണമെന്നും നിര്‍ദേശിച്ചു.

പൗരത്വനിയമ ഭേദഗതിക്കെതിരേ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധപ്രകടനം നടത്തിയതിനു പിന്നാലെ കഴിഞ്ഞദിവസമാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സ്റ്റുഡന്റ്‌സ് ഡീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-മെയില്‍ സന്ദേശമയച്ചത്. മുന്‍കൂര്‍ അനുമതിയില്ലാതെ ക്യാംപസില്‍ റാലികളും പ്രകടനങ്ങളും നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ ചിലതില്‍ പുറത്തുനിന്നുള്ളവരും പങ്കെടുത്തിട്ടുണ്ടെന്നും ക്യാംപസില്‍ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടതിനാല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുമുമ്പ് അനുമതി തേടണമെന്നും അധികൃതര്‍ അറിയിച്ചു.

മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതിന് പകരം ജനാധിപത്യരീതിയില്‍ സംവാദങ്ങള്‍ സംഘടിപ്പിക്കണം. മുദ്രാവാക്യം വിളിച്ചും മറ്റും മറ്റുള്ളവരെ പ്രകോപിപ്പിക്കുന്നതില്‍നിന്ന് പിന്മാറണമെന്നും സ്ഥാപനത്തിന്റെ പാരമ്പര്യം കാക്കണമെന്നുമായിരുന്നു ഡീനിന്റെ നിര്‍ദേശം. എന്നാല്‍ അധികൃതര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധപ്രകടനങ്ങള്‍ വിലക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

അധികൃതരുടെ വാദം ജനാധിപത്യവിരുദ്ധമാണെന്ന് ക്യംപസിലെ വിദ്യാര്‍ഥിക്കൂട്ടായ്മയായ ‘ചിന്താബാര്‍’ പ്രതികരിച്ചു. അവകാശങ്ങള്‍ നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ അധികൃതര്‍ക്ക് കൂട്ടമായി ഇ-മെയിലയച്ചിട്ടുണ്ട്. അനുമതിയോടെയുള്ള പ്രതിഷേധം എന്നതുതന്നെ വിരോധാഭാസമാണെന്നും പ്രകോപിപ്പിക്കുക എന്നതല്ല പ്രതിഷേധിക്കുന്നവരുടെ ഉദ്ദേശ്യമെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

Exit mobile version