മോഡിയും അമിത് ഷായും ചേര്‍ന്ന് ചേര്‍ന്ന് യുവാക്കളുടെ ഭാവി നശിപ്പിച്ചു; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയും അമിത് ഷായും ചേര്‍ന്ന് രാജ്യത്തെ യുവാക്കളുടെ ഭാവി നശിപ്പിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ യുവജനങ്ങളെ അഭിസംബോധന ചെയ്തുള്ള ട്വീറ്റില്‍, തൊഴിലില്ലായ്മ അടക്കമുള്ള പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാനാണ് ബിജെപി രാജ്യത്ത് വിഭജനം സൃഷ്ടിക്കുന്നതെന്നും രാഹുല്‍ കുറിച്ചു.

മോഡിയും ഷായും ചേര്‍ന്ന് നിങ്ങളുടെ ഭാവി നശിപ്പിച്ചു. രാജ്യത്തിന് നിങ്ങളേല്‍പിച്ച ആഘാതത്തിന്റേയും തൊഴിലില്ലായ്മയുടേയും ഫലമായുള്ള യുവജന പ്രതിഷേധത്തെ നേരിടാനാവുന്നില്ല. അതുകൊണ്ടാണ് നമ്മുടെ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നത്. ഇന്ത്യക്കാരെല്ലാവരേയും പരസ്പരം സ്‌നേഹിച്ചു കൊണ്ട് മാത്രമേ നമുക്ക് അവരെ പരാജയപ്പെടുത്താനാവൂ- രാഹുല്‍ കുറിച്ചു.

ഡല്‍ഹി രാം ലീല മൈതാനിയില്‍ ബിജെപി സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത് മോഡി സംസാരിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ വിമര്‍ശനം.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുമ്പോഴും സജീവമായി പ്രതിഷേധങ്ങളില്‍ പങ്കെടുക്കാന്‍ തയ്യാറാകാത്ത രാഹുലിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

Exit mobile version