മോഡിയും അമിത് ഷായും ചേര്‍ന്ന് യുവാക്കളുടെ ഭാവി ഇല്ലാതാക്കി; അവരുടെ രോക്ഷം നേരിടാന്‍ കഴിയാതെ വന്നപ്പോള്‍ ബിജെപി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്; വിമര്‍ശിച്ച് രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേര്‍ന്ന് രാജ്യത്തെ യുവാക്കളുടെ ഭാവി നശിപ്പിക്കുകയാണെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. യുവാക്കളുടെ രോഷത്തെ നേരിടാന്‍ അവര്‍ക്ക് കഴിയാത്തതു കൊണ്ടാണ് രാജ്യത്തെ ഭിന്നിപ്പിക്കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി വിമര്‍ശനവുമായി രംഗത്ത് എത്തിയത്.

ഇന്ത്യയുടെ യുവാക്കളെ, മോഡിയും അമിത് ഷായും ചേര്‍ന്ന് നിങ്ങളുടെ ഭാവി ഇല്ലാതാക്കുകയാണ്. സമ്പദ് വ്യവസ്ഥ നശിപ്പിച്ചതു കാരണവും തൊഴിലില്ലായ്മ കാരണവും നിങ്ങളുടെ രോഷത്തെ നേരിടാന്‍ അവര്‍ക്ക് കഴിയുന്നില്ല. അതിനാലാണ് വെറുപ്പ് ഒളിപ്പിച്ചു വച്ച് നമ്മുടെ ഇന്ത്യയെ അവര്‍ വിഭജിക്കാന്‍ നോക്കുന്നത്. ഇതിനെ നേരിടാന്‍ സ്‌നേഹം കൊണ്ടുമാത്രമേ സാധിക്കു.’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.


അതെസമയം ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കോണ്‍ഗ്രസിന് എതിരെ ആഞ്ഞടിച്ചു. പൗരത്വ ഭേദഗതിയിലൂടെ ജനങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നുവെന്ന് ചിലര്‍ കള്ളപ്രചരണം നടത്തുകയാണ്. കോണ്‍ഗ്രസുകാരും അര്‍ബന്‍ മാവോയിസ്റ്റുകളുമാണ് കള്ളപ്രചാരണങ്ങള്‍ക്ക് പിന്നില്‍. പ്രതിപക്ഷം ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുകയാണെന്നും മോഡി പറഞ്ഞു.

പൗരത്വ നിയമഭേദഗതി രാജ്യത്തെ ജനങ്ങളുടെ നല്ല ഭാവിക്കാണ്. പൗരത്വ ഭേദഗതി അവശജനവിഭാഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ്. ആരുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കുക സര്‍ക്കാര്‍ ലക്ഷ്യമല്ലെന്നും മോഡി പറഞ്ഞു.

Exit mobile version