കഴിഞ്ഞതവണ 70ൽ 67 സീറ്റ്, ഇത്തവണ 70ൽ 70 സീറ്റും നേടണം; പ്രതിഷേധങ്ങൾക്കിടെ ലക്ഷ്യം വിളിച്ച് പറഞ്ഞ് കെജരിവാൾ

ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ലക്ഷ്യമിടുന്നത് 70ൽ 70 സീറ്റുമാണെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രിയും പാർട്ടി നാഷണൽ കൺവീനറുമായ അരവിന്ദ് കെജരിവാൾ. 2015ൽ 70ൽ 67 സീറ്റ് നേടിയാണ് ആം ആദ്മി പാർട്ടി ഡൽഹിയിൽ അധികാരത്തിലേറിയത്. ഒരുമാസത്തിന് ഉള്ളിൽ ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ഇതുമുന്നിൽ കണ്ടാണ് കെജരിവാളിന്റെ പ്രഖ്യാപനം. പൗരത്വ ഭേദഗതി നിയമത്തിനെതിരായി ശക്തമായി ആം ആദ്മി പാർട്ടിയും രംഗത്തിറങ്ങിയിട്ടുണ്ട്. ഇതിനിടെയാണ് കെജരിവാൾ ലക്ഷ്യം അണികളോട് പങ്കുവെച്ചത്.

ഈ വരുന്ന തെരഞ്ഞെടുപ്പിൽ പാർട്ടി മുഴുവൻ ശക്തിയും കാണിക്കണമെന്നും പാർട്ടി അംഗങ്ങൾ എല്ലാ ശക്തിയോടെയും പോരാടണമെന്നും കെജരിവാൾ പറഞ്ഞു. ‘ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുമാസം മാത്രമേ ശേഷിക്കുന്നുള്ളൂ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പാർട്ടിക്ക് അതിനാൽ തന്നെ ശക്തമായി പോരാടേണ്ടതുണ്ട്. നമ്മുടെ ലക്ഷ്യം വലുതാണ്. കഴിഞ്ഞ തവണ 67 സീറ്റുകൾ നേടി. ഇത്തവണ അതിൽ കുറവല്ല, അതിൽ കൂടുതലണ് ലക്ഷ്യമിടുന്നത്.’ പാർട്ടി അംഗങ്ങൾ 70ൽ 70 എന്ന മുദ്രാവാക്യം മുഴക്കുന്നതിനിടെ കെജരിവാൾ ദേശീയ കൗൺസിൽ യോഗത്തിൽ പറഞ്ഞു.

വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാത്ത എഎപി ഇത്തവണതെരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോറിന്റെ സേവനവും തേടിയിട്ടുണ്ട്.

Exit mobile version