ഞാൻ രാമചന്ദ്ര ഗുഹ, അർബൻ നക്‌സലൈറ്റ്; അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു; വിവാദമായി ബിജെപിയുടെ അധിക്ഷേപ ട്വീറ്റ്

ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ ഇന്നലെ ബംഗളൂരുവിൽ നിന്നും അറസ്റ്റിലായ ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ അധിക്ഷേപിച്ച് കർണാടക ബിജെപി വിവാദത്തിൽ. രാമചന്ദ്ര ഗുഹയെ അർബൻ നക്‌സലെന്ന് വിശേഷിപ്പിച്ചാണ് ബിജെപി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ബിജെപി കർണാടക ഘടകം രാമചന്ദ്ര ഗുഹയ്‌ക്കെതിരെ വിവാദ പ്രസ്താവന നടത്തിയത്.

ട്വീറ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഒരു ചോദ്യോത്തരത്തിന്റെ രൂപത്തിലാണ്. ‘ചോദ്യം: ആരാണ് നീ
ഉത്തരം; ഞാൻ രാമചന്ദ്ര ഗുഹ,അർബൻ നക്‌സലൈറ്റ്. സാധാരണ മനുഷ്യന് അജ്ഞാതമായ ഒരു ഇരുണ്ട ലോകത്തിരുന്ന് നിയന്ത്രിക്കുന്നു. നേതാവിന്റെ നിർദേശപ്രകാരം അക്രമത്തെ പ്രോത്സാഹിപ്പിച്ചും പ്രതിഷേധം സംഘടിപ്പിച്ചും തങ്ങളുടെ സാന്നിധ്യം അറിയിക്കുന്ന അവർ ഇവിടെ തുറന്നുകാട്ടപ്പെടുന്നു.’ – രാമചന്ദ്ര ഗുഹയെ ടാഗ് ചെയ്താണ് ബിജെപി ട്വീറ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വീഡിയോയും ബിജെപി ട്വീറ്റിനൊപ്പം പോസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ദേശീയ പൗരത്വ ഭേദഗതിയ്‌ക്കെതിരെ ബംഗളൂരു ടൗൺഹാളിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയപ്പോഴാണ് രാമചന്ദ്ര ഗുഹയെ പോലീസ് കസ്റ്റഡിയിലെടുത്തത്. സമാധാനപരമായി പ്രതിഷേധത്തിൽ പങ്കെടുത്ത രാമചന്ദ്ര ഗുഹയെ മാധ്യമപ്രവർത്തകരോട് സംസാരിച്ചുകൊണ്ടിരിക്കെ പോലീസ് കസ്റ്റഡിയിലെടുത്തത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതോടെയാണ് കർണാടക ബിജെപി ആരോപണവുമായി രംഗത്തെത്തിയത്.

Exit mobile version