മംഗളൂരുവില്‍ കര്‍ഫ്യൂ തുടരുന്നു; സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഇന്ന് യെദ്യൂരപ്പയുടെ അധ്യക്ഷതയില്‍ ഉന്നതയോഗം

ദക്ഷിണ കന്നട ജില്ലയില്‍ ഇന്നും ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്

മംഗളൂരു: മംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം നടക്കുകയാണ്. അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നഗരത്തില്‍ ഇന്നും കര്‍ഫ്യൂ തുടരുകയാണ്. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ അധ്യക്ഷതയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗവും ചേരുന്നുണ്ട്.

ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയും യെദ്യൂരപ്പയ്‌ക്കൊപ്പം യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം നഗരത്തില്‍ കര്‍ഫ്യൂ തുടരുന്നതിനാല്‍ തിരിച്ചറിയല്‍ കാര്‍ഡുമായി എത്തുന്നവരെ മാത്രമാണ് നഗരത്തിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. ദക്ഷിണ കന്നട ജില്ലയില്‍ ഇന്നും ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിനു പുറമെ ചിക്മംഗളൂരു, ഹാസന്‍ ജില്ലകളിലെ ചില മേഖലകളിലും ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ യു ടി ഖാദറിന് എതിരെ പോലീസ് കേസെടുത്തു. പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയാല്‍ കര്‍ണാടകം കത്തുമെന്നായിരുന്നു അദ്ദേഹം ഡിസംബര്‍ 17ന് പ്രസംഗിച്ചത്. ഇതാണ് കഴിഞ്ഞ ദിവസം സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന യുവമോര്‍ച്ച നേതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Exit mobile version