ബിജെപിയെ ഞെട്ടിച്ച് ജാര്‍ഖണ്ഡിലെ എക്സിറ്റ് പോള്‍: കോണ്‍ഗ്രസ്- ജെഎംഎം സഖ്യ സര്‍ക്കാറെന്ന് പ്രവചനം

റാഞ്ചി: ബിജെപിയെ ഞെട്ടിച്ച് ജാര്‍ഖണ്ഡിലെ എക്സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസ്- ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സഖ്യം അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാ ടുഡെ- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം.

ബിജെപി 22-32, കോണ്‍ഗ്രസ്- ജെഎംഎം: 38-50 എന്നിങ്ങനെയാണ് ഇന്ത്യാ ടുഡെ- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചനം.

എന്നാല്‍, ഐഎഎന്‍എസ്- സിവോട്ടര്‍- എബിപി എക്സിറ്റ് പോളില്‍ ജാര്‍ഖണ്ഡില്‍ തൂക്ക് സഭയാണ് പ്രവചിച്ചിരിക്കുന്നത്. ഭരണകക്ഷിയായ ബിജെപിക്ക് 32 സീറ്റുകളും കോണ്‍ഗ്രസ്- ജെ.എം.എം സഖ്യം 35 സീറ്റുകളും നേടുമെന്നാണ് എഎന്‍എസ്- സിവോട്ടര്‍- എബിപി എക്സിറ്റ് പോളില്‍ പ്രവചിക്കുന്നത്. ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്‍ തുടങ്ങിയ കക്ഷികള്‍ മൂന്നുമുതല്‍ അഞ്ച് സീറ്റുകള്‍ വരെ നേടിയേക്കാമെന്നും ഇവര്‍ പറയുന്നു.

നവംബര്‍ 30നാണ് തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. ഡിസംബര്‍ 20 നാണ് വോട്ടെടുപ്പ് അവസാനിച്ചത്. 23 ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. 81 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 42 അംഗങ്ങളുടെ പിന്തുണ വേണം. രണ്ടാം തവണയും കൃത്യമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

Exit mobile version