പ്രധാനമന്ത്രി നടപ്പാക്കുന്നത് ജനസംഘത്തിന്റെ അജണ്ട; പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടെന്ന് കരുതി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമെന്ന് കരുതരുത്; വിമര്‍ശിച്ച് എച്ച്ഡി ദേവഗൗഡ

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതികരണവുമായി മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ. പ്രധാനമന്ത്രി നടപ്പാക്കുന്നത് ജനസംഘത്തിന്റെ അജണ്ടയാണെന്ന് എച്ച്ഡി ദേവഗൗഡ വിമര്‍ശിച്ചു. ഹിന്ദു രാഷ്ട്ര നിര്‍മ്മാണത്തിനാണ് അവര്‍ പ്രാധാന്യം നല്‍കുന്നത്. കാശ്മീരില്‍ ആര്‍ട്ടിക്കിള് 370 എടുത്തു മാറ്റിയത് ഇതിന്റെ ഭാഗമായിരുന്നുവെന്നും ദേവഗൗഡ പറഞ്ഞു.

രാജ്യം മുഴുവന്‍ പ്രക്ഷോഭ കലുഷിതമായിരിക്കുകയാണ്. വിദ്യാര്‍ത്ഥികളും, രാഷ്ട്രീയ പാര്‍ട്ടികളും, മറ്റു സംഘടനകളും പ്രതിഷേധത്തിലാണ്. ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ പോലും ഒട്ടുമിക്ക ജില്ലകളിലും പ്രതിഷേധം ആളിക്കത്തുകയാണ്. എത്ര കാലമിത് നീണ്ടു നില്‍ക്കുമെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടെന്ന് കരുതി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമെന്ന് കരുതരുതെന്നും ദേവഗൗഡ കൂട്ടിച്ചേര്‍ത്തു.

Exit mobile version