‘ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതികരിക്കുമ്പോള്‍ അതിനെ അക്രമം കൊണ്ട് നേരിടുന്നത് ശരിയല്ല’; പ്രിയങ്ക ചോപ്ര

പ്രതികരിക്കാന്‍ ശേഷിയുളളവരായിരിക്കാനാണ് അവരെ നമ്മള്‍ വളര്‍ത്തിയത്

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതികരിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചത്. ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതികരിക്കുമ്പോള്‍ അതിനെ അക്രമം കൊണ്ട് നേരിടുന്നത് ശരിയല്ല എന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്.

‘എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം എന്നത് നമ്മുടെ സ്വപ്നമാണ്. വിദ്യാഭ്യാസം അവരെ സ്വതന്ത്രരായി ചിന്തിക്കാന്‍ പ്രാപ്തരാക്കും. പ്രതികരിക്കാന്‍ ശേഷിയുളളവരായിരിക്കാനാണ് അവരെ നമ്മള്‍ വളര്‍ത്തിയത്. ഒരു ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതികരിക്കുമ്പോള്‍ അതിനെ ഇങ്ങനെ അക്രമം കൊണ്ട് നേരിടുന്നത് ശരിയല്ല. ഓരോ ശബ്ദവും പ്രധാനപ്പെട്ടതാണ്. ഓരോ ശബ്ദവും പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തെ ശക്തിപ്പെടുത്തും’ എന്നാണ് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്.

നിരവധി ബോളിവുഡ് താരങ്ങളാണ് ഇതിനോടകം വിദ്യാര്‍ത്ഥികളെ പിന്തുണച്ച് രംഗത്ത് എത്തിയത്. സംവിധായകന്‍ അനുരാഗ് കശ്യപ്, ആലിയ ഭട്ട്, പരിണീതി ചോപ്ര, സ്വര ഭാസ്‌കര്‍, ഹുമ ഖുറൈഷി, വിക്കി കൗശല്‍, ഭൂമി പേഡ്നേക്കര്‍, മനോജ് വാജ്പേയി, ആയുഷ്മാന്‍ ഖുറാന, ഫര്‍ഹാന്‍ അക്തര്‍, ഹൃതിക് റോഷന്‍ എന്നിങ്ങനെ നിരവധി പേരാണ് പൗരത്വ ഭേദഗതിക്കെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയത്. അതേസമയം ബോളിവുഡിലെ ഖാന്‍മാരും തന്നെ ഈ വിഷയത്തില്‍ ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

Exit mobile version