ഡൽഹിയിൽ വൻമുൻകരുതലുകൾ; വിദ്യാർത്ഥികളുടേയും ഇടത് സംഘടനകളുടേയും മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചു; നാല് മെട്രോ സ്‌റ്റേഷനുകൾ അടച്ചു;

ന്യൂഡൽഹി: ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികളുടെയും ഇടത് പാർട്ടികളുടെയും പ്രതിഷേധ മാർച്ചിനു പോലീസ് അനുമതി നിഷേധിച്ചു. മാർച്ചിന് അനുമതി നൽകിയിട്ടില്ലെന്നു ഡൽഹി പോലീസ് കമ്മീഷണർ അറിയിച്ചു. ചെങ്കോട്ടയിൽ റാലികളും പൊതുയോഗങ്ങളും അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ കനത്തതോടെ ബംഗളൂരുവിലും മംഗലാപുരത്തും ഉൾപ്പെടെ കർണാടകത്തിലെ വിവിധയിടങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതിനു പിന്നാലെയാണ് ഡൽഹിയിലും മുൻകരുതലുകൾ.

അതേസമയം, എംപിമാരെ അടക്കം പങ്കെടുപ്പിച്ചുകൊണ്ടാണ് വ്യാഴാഴ്ച ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികൾ, ഇടതു സംഘടനകൾ, യുണൈറ്റഡ് എഗെയിൻസ്റ്റ് ഹെയ്റ്റ്, തുടങ്ങി 60ലധികം സംഘടനകൾ ചെങ്കോട്ടയിലേക്ക് മാർച്ച് നടത്തുക എന്നണ് റിപ്പോർട്ട്. ഇടതുപാർട്ടികളുടെ മണ്ഡി ഹൗസിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് ഷഹീദ് പാർക്കിൽ അവസാനിക്കും. അതിനിടെ, ഡൽഹിയിലെ നാല് മെട്രോ സ്റ്റേഷനുകൾ അടച്ചു. ജാമിയ മിലിയ, ജസോല വിഹാർ, ഷഹീൻഡബാഗ്, മുനിർക സ്റ്റേഷനുകളാണ് അടച്ചത്.

Exit mobile version