‘നിങ്ങള്‍ പൗരത്വ നിയമം ബംഗാളില്‍ നടപ്പാക്കുന്നത് ഞാനൊന്നു കാണട്ടെ’; ബിജെപി ഗവണ്‍മെന്റിനെ പരസ്യമായി വെല്ലുവിളിച്ച് വീണ്ടും മമതാ ബാനര്‍ജി

കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ പൊട്ടിത്തെറിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നിങ്ങള്‍ വെറുമൊരു ബിജെപി നേതാവ് അല്ലെന്നും നിങ്ങള്‍ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയാണെന്ന് ഓര്‍മ്മ വേണമെന്നും, രാജ്യത്ത് സമാധാനം നിലനിര്‍ത്തണമെന്നും മമത പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരായ മഹാറാലിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അമിത് ഷാക്കെതിരെ മമത തുറന്നടിച്ചത്.

‘ആര്‍ക്കും പൗരത്വം നഷ്ടപ്പെടില്ലെന്ന് നിങ്ങള്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ പറയുന്നു പൗരത്വം തെളിയിക്കാന്‍ പാന്‍, ആധാര്‍ ഒന്നും മതിയാകില്ലെന്ന്. പിന്നെ എന്താണ് മതിയാവുക. ബിജെപിയില്‍ നിന്നുള്ള മന്ത്രത്തകിടോ? മമത ചോദിച്ചു.

ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ നിയമഭേദഗതിയും പിന്‍വലിക്കുക, അതല്ലെങ്കില്‍ അതെങ്ങനെ നിങ്ങള്‍ ഇവിടെ നടപ്പാക്കുമെന്ന് ഞാനൊന്നു കാണട്ടെയെന്നും മമത വെല്ലുവിളിച്ചു. ബിജെപി ഒരു വിഴുപ്പലക്കുന്ന യന്ത്രമായിരിക്കുന്നുവെന്നും മമത കുറ്റപ്പെടുത്തി. 35 ശതമാനം വോട്ടിന്റെ പിന്‍ബലത്തിലാണ് നിങ്ങള്‍ അധികാരത്തിലെത്തിയത്. 65 ശതമാനം ജനങ്ങള്‍ നിങ്ങള്‍ക്കൊപ്പമില്ലെന്ന് ഓര്‍ക്കണമെന്നും മമത പറഞ്ഞു.

എല്ലാവരുടെയും പുരോഗതി ഉറപ്പുവരുത്തുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടു, എന്നാല്‍ എല്ലാവരുടെയും നാശം നിങ്ങള്‍ക്കുറപ്പുവരുത്താനും സാധിച്ചുവെന്നും മമത പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ നേരത്തെയും മമതാ ബാനര്‍ജി ശക്തമായി പ്രതികരിച്ചിരുന്നു. ഞാനുള്ളപ്പോള്‍ ബംഗാളില്‍ നിയമം നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് ബിജെപി സര്‍ക്കാരിനോട് മമത തറപ്പിച്ച് പറഞ്ഞിരുന്നു.

നിയമത്തിന് എതിരെ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തന്നെ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ വിസമ്മതിച്ച രാജ്യത്തെ മൂന്നു മുഖ്യമന്ത്രിമാരില്‍ ഒരാളാണ് മമതാ ബാനര്‍ജി.

Exit mobile version