‘ആദ്യം അവര്‍ മുസ്ലീംങ്ങളെ മാറ്റിനിര്‍ത്തും, പിന്നാലെ മറ്റ് മതസ്ഥരെയും, വിഭജിക്കാന്‍ അവര്‍ എപ്പോഴും ഒരു വഴി കണ്ടെത്തും’; പൗരത്വ ഭേദഗതിക്കെതിരെ പ്രതികരിച്ച് സിദ്ധാര്‍ത്ഥ്

വിഭജിക്കാന്‍ അവര്‍ എപ്പോഴും ഒരു വഴി കണ്ടെത്തും

ചെന്നൈ: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. നിരവധി താരങ്ങളാണ് ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയത്. ഇപ്പോഴിതാ ഫാസിസത്തിനോട് നോ പറഞ്ഞ് ഇന്ത്യയെ രക്ഷിക്കൂ എന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ സിദ്ധാര്‍ത്ഥ്. ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചത്.

‘ആദ്യം അവര്‍ മുസ്ലീങ്ങളെ മാറ്റിനിര്‍ത്തും, പിന്നീട് ക്രിസ്ത്യാനികളെ, ശേഷം മറ്റ് മതസ്ഥരെ. പിന്നാലെ അവര്‍ അടിച്ചമര്‍ത്തപ്പെട്ട മറ്റ് ജാതിവിഭാഗങ്ങളെയും. പിന്നീട് തന്ത്രപരമായി സ്ത്രീകളുടെ അവകാശങ്ങള്‍ക്കു പിന്നാലെ പോകും. വിഭജിക്കാന്‍ അവര്‍ എപ്പോഴും ഒരു വഴി കണ്ടെത്തും. വിദ്വേഷത്തിനായും അവര്‍ ഒരു മാര്‍ഗം കണ്ടെത്തും. അതാണവരുടെ മാര്‍ഗം. ഫാസിസത്തോട് നോ പറയൂ. ഇന്ത്യയെ രക്ഷിക്കൂ’ എന്നാണ് സിദ്ധാര്‍ത്ഥ് ട്വീറ്ററില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസം ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിദ്ധാര്‍ഥ് എത്തിയിരുന്നു. ഇവര്‍ രണ്ട് പേര്‍ കൃഷ്ണനും അര്‍ജുനനുമല്ലെന്നും ദുര്യോധനനും ശകുനിയുമാണെന്ന് ട്വിറ്ററില്‍ സിദ്ധാര്‍ത്ഥ് കുറിച്ചത്. ഇതിനു മുമ്പും നിരവധി തവണ കേന്ദ്ര സര്‍ക്കാറിനെതിരെ തുറന്ന പ്രതിഷേധം പ്രകടിപ്പിച്ച നടന്‍ കൂടിയാണ് സിദ്ധാര്‍ഥ്.

Exit mobile version