പൗരത്വ നിയമ ഭേദഗതിയില്‍ സുപ്രീംകോടതി ഇടപെടുന്നു; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു.വിഷയത്തില്‍ ജനുവരി രണ്ടാമത്തെ ആഴ്ചയ്ക്കുള്ളില്‍ കേന്ദ്രം മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് ജനുവരി 22ന് വീണ്ടും പരിഗണിക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള് പരിഗണിച്ചത്.

അതെസമയം നിയമം സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ അറുപതോളം റിട്ട് ഹര്‍ജികളാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. തുല്യതയ്ക്കുള്ള അവകാശം ഹനിക്കുന്നതാണ് നിയമമെന്നാണ് ഹര്‍ജികളില്‍ പ്രധാനമായും ആരോപിച്ചിരുന്നത്.

മുസ്ലിങ്ങളൊഴികെയുള്ളവര്‍ക്ക് പൗരത്വം നല്‍കാന്‍ ഉള്ള ചട്ടങ്ങള്‍ ഉള്‍പ്പെടുത്തി പൗരത്വ നിയമം ഭേദഗതി ചെയ്തത് ഭരണഘടനയുടെ 14-ാം അനുച്ഛേദപ്രകാരം തെറ്റാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. മതപരമായ വേര്‍തിരിവ് കാണിച്ച് പൗരത്വം നല്‍കാനുള്ള നിയമം രൂപീകരിക്കുന്നത് മതേതര ഇന്ത്യയെന്ന ഭരണഘടനാ തത്വത്തിന്റെ ലംഘനമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Exit mobile version