‘പൊതുമുതല്‍ ആരെങ്കിലും നശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ വെടിയുതിര്‍ക്കണം’; റെയില്‍വേ സഹമന്ത്രി സുരേഷ് അംഗദി

രാജ്യത്ത് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് റെയില്‍വേ സഹമന്ത്രി ഇത്തരമൊരു നിര്‍ദേശം റെയില്‍വേ അതോറിറ്റിക്ക് നല്‍കിയിരിക്കുന്നത്

ന്യൂഡല്‍ഹി: പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാല്‍ ഉടന്‍ തന്നെ വെടിയുതിര്‍ക്കണമെന്ന നിര്‍ദേശം നല്‍കി കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗദി. രാജ്യത്ത് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് റെയില്‍വേ സഹമന്ത്രി ഇത്തരമൊരു നിര്‍ദേശം റെയില്‍വേ അതോറിറ്റിക്ക് നല്‍കിയിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ റെയില്‍വേയുടെ വസ്തുവകകള്‍ക്ക് നാശം സംഭവിക്കാതിരിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്
എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അദ്ദേഹം ഇത്തരത്തില്‍ ഒരു മറുപടി നല്‍കിയത്.

റെയില്‍വേയുടെ വസ്തുവകകള്‍ ആരെങ്കിലും നശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, അവര്‍ക്കെതിരെ കര്‍ശന നടപടി തന്നെ എടുക്കണമെന്ന് അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുമെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം. നടപടിയെന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന ചോദ്യത്തിനാണ് ഷൂട്ട് അറ്റ് സൈറ്റ് എന്ന മറുപടി അദ്ദേഹം നല്‍കിയത്.

Exit mobile version