ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗസംഖ്യ വര്‍ധിപ്പിക്കണം; മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി: ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗസംഖ്യ വര്‍ധിപ്പിക്കണമെന്ന് മുന്‍രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി. ഡല്‍ഹിയില്‍, ഇന്ത്യാ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച രണ്ടാമത് അടല്‍ ബിഹാരി വാജ്‌പേയി സ്മാരക പ്രഭാഷണത്തില്‍ സംസാരിക്കവേയായിരുന്നു പ്രണബ് മുഖര്‍ജിയുടെ പരാമര്‍ശം.

ലോക്‌സഭാംഗങ്ങളുടെ എണ്ണം നിലവിലെ 543ല്‍ നിന്ന് ആയിരമാക്കണമെന്നും തത്തുല്യമായ വര്‍ധന രാജ്യസഭാംഗങ്ങളുടെ കാര്യത്തിലും വരുത്തണമെന്ന് പ്രണബ് പറഞ്ഞു. 16 മുതല്‍ 18 ലക്ഷം ആളുകളെയാണ് ഒരു ലോക്‌സഭാംഗം പ്രതിനിധീകരിക്കുന്നത്. എങ്ങനെയാണ് ആ പ്രതിനിധിക്ക് ഇത്രയും ജനങ്ങളുമായി ബന്ധം പുലര്‍ത്താനാവുന്നതെന്നും പ്രണബ് ചോദിച്ചു.

ഏറ്റവും ഒടുവില്‍, ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയത് 1977ലാണ്. 1971ലെ സെന്‍സസിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു അത്. 55 കോടിയായിരുന്നു അന്ന് രാജ്യത്തെ ജനസംഖ്യ. ഇന്നത് 133 കോടിയോളമാണ്. അതിനാല്‍ ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധന വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version