വിദ്യാർത്ഥികളെ തല്ലി ചതച്ചത് പോലീസ് മാത്രമല്ല; ആ ചുവന്ന കുപ്പായക്കാരൻ ആരാണെന്ന് ചോദിച്ച് മാർക്കണ്ഡേയ കട്ജു

ന്യൂഡൽഹി: ജാനിയ മിലിയയിലെ പോലീസ് -വിദ്യാർത്ഥി സംഘർഷത്തിന് ഇടയിൽ വിദ്യാർത്ഥികളെ തല്ലിച്ചതച്ച ആ ചുവന്ന കുപ്പായക്കാരൻ ആരാണെന്ന് അന്വേഷിച്ച് സോഷ്യൽമീഡിയ. ആ ചുവന്ന കുപ്പായക്കാരൻ ആര്? മുഖം മറച്ച് ജാമിയയിലെ വിദ്യാർത്ഥികളെ പോലീസിനൊപ്പം തല്ലിച്ചതച്ച യൂണിഫോമിലല്ലാത്ത അയാൾ ആരെന്നു ആരെങ്കിലും പറഞ്ഞു തരുമോ?- മുതിർന്ന അഭിഭാഷകനായ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു ട്വിറ്ററിലൂടെ ചോദ്യം ഉന്നയിച്ചത് ഇങ്ങനെ.

ജീൻസും സ്പോർട്സ് ഷൂവും ചുവന്ന കുപ്പായവും ഹെൽമറ്റും പോലീസിന്റെ സുരക്ഷാ ജാക്കറ്റും ധരിച്ച് പെൺകുട്ടികളെ ഉൾപ്പടെ നീളൻ വടികൊണ്ട് അടിക്കുന്നയാളിന്റെ ചിത്രവും കട്ജു പോസ്റ്റ് ചെയ്തിട്ടുണ്ട്. മലയാളി വിദ്യാർത്ഥിനികളായ ആയിഷ റെന്നയേയും ഷഹീൻ അബ്ദുള്ളയേയും മറ്റ് വിദ്യാർത്ഥിനികളേയും മർദ്ദിക്കുന്ന കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയിലും ഇയാളുടെ ദൃശ്യങ്ങൾ ഉണ്ട്.

തങ്ങളെ തല്ലിച്ചതച്ച സംഘത്തിൽ പോലീസുകാർ മാത്രമല്ല ഉണ്ടായിരുന്നതെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്ന വിദ്യാർത്ഥികളുടെ ആരോപണം ശരിവെയ്ക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന ഈ വീഡിയോ.

Exit mobile version