മാപ്പ് പറയാന്‍ എന്റെ പേര് ‘രാഹുല്‍ സവര്‍ക്കര്‍’ എന്നല്ലെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം; പ്രതിഷേധിക്കാന്‍ ‘ഞാന്‍ സവര്‍ക്കര്‍’ തൊപ്പി ധരിച്ച് ബിജെപി എംഎല്‍എമാര്‍

ന്യൂഡല്‍ഹി: മാപ്പ് പറയാന്‍ എന്റെ പേര് “രാഹുല്‍ സവര്‍ക്കര്‍” എന്നല്ല “രാഹുല്‍ ഗാന്ധി”യെന്നാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് എതിരെ പ്രതിഷേധവുമായി ബിജെപി എംഎല്‍എമാര്‍. രാഹുലിന്റെ പരാമര്‍ശത്തിന് എതിരെ ‘ഞാന്‍ സവര്‍ക്കര്‍’ എന്നെഴുതിയ തൊപ്പി ധരിച്ചാണ് ബിജെപി എംഎല്‍എമാര്‍ പ്രതിഷേധം അറിയിച്ചത്.

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത് തൊപ്പി ധരിച്ചാണ് സഭയിലെത്തിയത്. ”സവര്‍ക്കര്‌ക്കെതിരെയുള്ള പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിരുപാധികം മാപ്പ് പറയണം. സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ചരിത്രം അദ്ദേഹം പഠിച്ചിട്ടില്ലെന്ന് തോന്നുന്നു എന്നും ഫഡ്‌നാവിസ് പറഞ്ഞു.

മേക്ക് ഇന്‍ ഇന്ത്യ എന്ന് മോഡി പറയുമ്പോള്‍ റേപ് ഇന്‍ ഇന്ത്യയാണ് സംഭവിക്കുന്നത് എന്ന് ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ രാഹുല്‍ പറഞ്ഞിരുന്നു. ഇതിനെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. സംഭവത്തില്‍ മാപ്പ് പറയണമെന്ന ആവശ്യം ശക്തമായപ്പോഴാണ് മാപ്പ് പറയാന്‍ എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ലെന്ന് രാഹുല്‍ മറുപടി നല്‍കിയത്.

‘എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, രാഹുല്‍ ഗാന്ധി എന്നാണ്. സത്യം പറഞ്ഞതിന്റെ പേരില്‍ മാപ്പ് പറയാന്‍ ഞാന്‍ തയ്യാറല്ല’. ഒരു കോണ്‍ഗ്രസുകാരനും അങ്ങനെ ചെയ്യില്ലെന്നും ആയിരുന്നു രാഹുലിന്റെ മറുപടി.

Exit mobile version