‘ സര്‍വകലാശാലകളില്‍ കയറിയുള്ള പോലീസ് ആക്രമണം അവസാനിപ്പിക്കണം’; ജാമിയ മിലിയയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ സിദ്ധാര്‍ത്ഥ്

ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സിദ്ധാര്‍ഥ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രക്ഷോഭം പടരുമ്പോള്‍ പ്രതികരണവുമായി നടന്‍ സിദ്ധാര്‍ഥ് രംഗത്ത്. ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സിദ്ധാര്‍ഥ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ഇവര്‍ രണ്ട് പേര്‍ കൃഷ്ണനും അര്‍ജുനനുമല്ലെന്നും ദുര്യോധനനും ശകുനിയുമാണെന്ന് നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സിദ്ധാര്‍ഥ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് നടന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സര്‍വകലാശാലകളില്‍ കയറിയുള്ള പോലീസ് ആക്രമണം അവസാനിപ്പിക്കണമെന്നും സിദ്ധാര്‍ഥ് ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്ക് പിന്തുണ നല്‍കിയ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെയും സിദ്ധാര്‍ഥ് രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. മുമ്പും നിരവധി വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ തുറന്ന പ്രതിഷേധം പ്രകടിപ്പിച്ച നടനാണ് സിദ്ധാര്‍ഥ്.

ഞായറാഴ്ചയാണ് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം രൂക്ഷമായത്. പോലീസ് ക്യാമ്പസിനുള്ളില്‍ കയറി വിദ്യാര്‍ത്ഥികളെ നേരിട്ടെങ്കിലും സമരത്തിന് അയവു വന്നിട്ടില്ല. തിങ്കളാഴ്ചയും സമരം തുടരുകയാണ്.

Exit mobile version