ബിജെപി ഒറ്റപ്പെടുന്നു; പൗരത്വ നിയമ ഭേദഗതിയില്‍ രാജ്യം ഒന്നടങ്കം പ്രതിഷേധത്തിലേക്ക്; കൈയ്യൊഴിഞ്ഞ് സഖ്യകക്ഷികളും

ന്യൂഡല്‍ഹി; പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ ബിജെപി ഒറ്റപ്പെടുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കത്തുകയാണ്. നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ കനത്തതോടെ ബിജെപിയുടെ സഖ്യകക്ഷികള്‍ പലരും നിലപാട് മാറ്റി രംഗത്ത് എത്തിയിട്ടുണ്ട്. ഇതോടെ നിയമത്തെ പ്രതിരോധിക്കേണ്ട ചുമതല ബിജെപിയില്‍ മാത്രമൊതുങ്ങിയിരിക്കുകയാണ്.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം കനത്തതോടെയാണ് സഖ്യകക്ഷിയായ ജെഡിയു നിയമത്തിനെതിരെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നുവെന്നും ബിഹാറില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി.

നേരത്തെ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച നിലപാടായിരുന്നു ജെഡിയു സ്വീകരിച്ചിരുന്നത്. എന്നാല്‍ വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോര്‍ നിയമത്തിനെതിരെ രംഗത്ത് വന്നതിന് പിന്നാലെയാണ് പാര്‍ട്ടി നിലപാട് മാറ്റിയത്. ബില്ലിനെതിരെ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്നും പ്രശാന്ത് ഭീഷണി മുഴക്കിയിരുന്നു. പിന്നീടാണ് നിയമത്തെ അനുകൂലിക്കില്ലെന്ന് വ്യക്തമാക്കി ജെഡിയു രംഗത്തെത്തിയത്.

മഹാരാഷ്ട്രയില്‍ സഖ്യകക്ഷിയല്ലെങ്കിലും ബിജെപിയോട് പ്രത്യയ ശാസ്ത്ര അടുപ്പം പുലര്‍ത്തുന്ന ശിവസേന മൗനത്തിലാണ്. ബില്ലിനെ ലോക്‌സഭയില്‍ അനുകൂലിച്ച ശിവസേന, രാജ്യസഭയില്‍ വിട്ടുനിന്നു. പിന്നീട് ശിവസേന നിലപാട് വ്യക്തമാക്കിയിട്ടില്ല.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മിക്ക സഖ്യകക്ഷികളും നിയമത്തിനെതിരെ രംഗത്തുവന്നതും ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്. ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്‌തെങ്കിലും, പ്രതിഷേധം കനത്തതോടെ മൗനത്തിലാണ്.

അസമിലാണ് ബിജെപി കൂടുതല്‍ വെട്ടിലായത്. പ്രധാന സഖ്യകക്ഷിയായ അസം ഗുണ പരിഷത്ത് തന്നെ ബിജെപിക്കെതിരെ രംഗത്തു വന്നിരുന്നു. നിയമത്തെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്നും എജിപി നേതാക്കള്‍ പറഞ്ഞിരുന്നു.

നേരത്തെ പാര്‍ലമെന്റില്‍ പൗരത്വ നിയമ ഭേദഗതി ബില്ലിനെ അനുകൂലിക്കുന്ന നിലപാടാണ് അസം ഗണപരിഷത്ത് സ്വീകരിച്ചത്. ഇത് പാര്‍ട്ടിയില്‍ തന്നെ വലിയ പൊട്ടിത്തെറിക്ക് ഇടയാക്കിയിരുന്നു. നിരവധി പ്രമുഖ നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ അസം ഗണപരിഷത്ത് സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

ഇതിനിടെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധങ്ങളാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്നത്. ബില്ലിനെ എതിര്‍ത്ത് നിരവധി പേരാണ് ഒരോ ദിവസവും രംഗത്ത് വരുന്നത്. ഇതിനെയെല്ലാം ഒറ്റക്ക് പ്രതിരോധിക്കേണ്ട് അവസ്ഥയാണ് ബിജെപിക്ക് വന്നിരിക്കുന്നത്.

Exit mobile version