ദളിത് യുവാവിന് മര്‍ദ്ദനം; ജാതി പറഞ്ഞ് ആക്ഷേപവും, വീഡിയോ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ബിരിയാണി വിറ്റതിന് ദളിത് യുവാവിനെ മൂന്നംഗ സംഘം മര്‍ദ്ദിച്ചു. തങ്ങളുടെ സ്ഥലത്തെത്തി ബിരിയാണി വില്‍പ്പന നടത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. 43കാരനായ ലോകേഷിനെ സംഘം ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അക്രമിസംഘം യുവാവിനെ ചുവരിനോട് ചേര്‍ത്ത് മര്‍ദ്ദിക്കുന്നതും, പേര് വിളിച്ച് അധിക്ഷേപിക്കുന്നതും പുറത്ത് വന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പ്രദേശത്ത് ബിരിയാണി വില്‍ക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ഇത് അവഗണിച്ചതാണ് അക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ യുവാവിനെ മര്‍ദ്ദിച്ച മൂന്നംഗസംഘത്തിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ ദിവസമാണ് സംഭവം തങ്ങളുടെ ശ്രദ്ധയില്‍ പെട്ടതെന്നും ഇതിന് പിന്നാലെ തന്നെ അന്വേഷണം ആരംഭിച്ചതായും ഗ്രേറ്റര്‍ നോയിഡ എസ്പി രണ്വിജയ് സിംഗ് പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വിശദവിവരത്തിനായി മര്‍ദ്ദനമേറ്റ ആളെയും സ്റ്റേഷനില്‍ വിളിപ്പിച്ചിട്ടുണ്ട്.

പ്രതികളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചുണ്ടെന്നും രണ്വിജയ് സിംഗ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പ്രതിഷേധം ശക്തമാകുകയാണ്. ഇന്ത്യക്കാരായ നമുക്ക് ഇത്തരം സംഭവങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും നടിയുമായ ഊര്‍മ്മിള മതോണ്ഡ്കര്‍ വീഡിയോ പങ്കുവച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.

‘ഭയപ്പെടുത്തുന്നത്, ഇന്ത്യക്കാരായ നമുക്ക് ഇത്തരം സംഭവങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. ഇത് നമ്മുടെ സംസ്‌കാരം അല്ല. ഇത് ‘സബ്ക സാത്ത് സബ്ക വികാസ്’ എന്ന ആശയത്തിന് വിരുദ്ധമാണ്, നടി ട്വീറ്റില്‍ കുറിച്ചു.

Exit mobile version