വീണ്ടും ഉന്നാവോ ആവര്‍ത്തനം: യുപിയില്‍ 18 കാരിയെ ബലാത്സംഗത്തിനിരയാക്കി തീക്കൊളുത്തി; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

ഉത്തര്‍പ്രദേശ്: രാജ്യത്ത് വീണ്ടും ഉന്നാവോ ദുരന്തത്തിന്റെ ആവര്‍ത്തനം. ഉത്തര്‍പ്രദേശിലെ ഫത്തേപുര്‍ ജില്ലയില്‍ 18 കാരിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം തീകൊളുത്തി.

ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ കാണ്‍പൂരിലുള്ള ലാലാ ലജ്പത് റായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.

ഹുസൈംഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ 22 കാരനായ ബന്ധുവാണ് ബലാത്സംഗം ചെയ്തത്. പീഡന വിവരം മാതാപിതാക്കളെ അറിയിക്കുമെന്ന് പെണ്‍കുട്ടി പറഞ്ഞതില്‍ പ്രകോപിതനായ പ്രതി മണ്ണണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്ന് സര്‍ക്കിള്‍ ഓഫീസര്‍ കപില്‍ ദേവ് മിശ്ര പറഞ്ഞു.

നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് പെണ്‍കുട്ടിയെ സമീപത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തിച്ചത്. അവിടെ നിന്ന് കാണ്‍പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

പെണ്‍കുട്ടി പ്രതിയുമായി പ്രണയത്തിലായിരുന്നെന്നും വീട്ടുകാര്‍ തമ്മില്‍ ഇവരുടെ വിവാഹത്തെക്കുറിച്ച് ധാരണയിലെത്തിയിരുന്നതാണെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് സര്‍ക്കിള്‍ ഓഫീസര്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് ഉന്നാവോയില്‍ ബലാത്സംഗത്തിലെ ഇരയായ പെണ്‍കുട്ടിയെ അഞ്ചംഗ സംഘം തീകൊളുത്തിയത്. പെണ്‍കുട്ടി ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങിയിരുന്നു.

Exit mobile version