രാജ്യത്ത് വർധിച്ചത് ഉള്ളിവിലയും തൊഴിലില്ലായ്മയും മാത്രം; ജനങ്ങൾ ഒന്നിച്ചില്ലെങ്കിൽ ഭരണഘടന കീറിയെറിഞ്ഞേക്കും:ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: എൻഡിഎ സർക്കാരിനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കേന്ദ്ര സർക്കാരിനെതിരെ ജനങ്ങൾ സംഘടിച്ചില്ലെങ്കിൽ ഭരണഘടന തന്നെ തകർത്തെറിയപ്പെട്ടേക്കും എന്ന് പ്രിയങ്ക ആശങ്ക പ്രകടിപ്പിച്ചു. ഡൽഹി രാംലീല മൈതാനിയിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച ‘ഇന്ത്യ ബച്ചാവോ റാലി’യിൽ പ്രസംഗിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.

കേന്ദ്ര സർക്കാരിനെതിരെ ജനങ്ങൾ ഐക്യത്തോടെ നിൽക്കണം. ഇപ്പോൾ അതു ചെയ്തില്ലെങ്കിൽ അംബേദ്കർ നിർമ്മിച്ച ഇന്ത്യൻ ഭരണഘടന തകർത്തെറിയപ്പെടും. ബിജെപി സർക്കാർ ജനങ്ങളെയും അവരുടെ വികാരങ്ങളെയും കണക്കിലെടുക്കുന്നില്ലെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. ബിജെപി സർക്കാർ അധികാരത്തിലേറി ആറ് വർഷങ്ങൾക്കു ശേഷം ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുന്നു, ജിഎസ്ടി മൂലം വ്യാപാരികൾ നഷ്ടം നേരിടുന്നു, കൃഷിക്കാർ കഷ്ടപ്പെടുന്നു, ബിസിനസുകൾ അടച്ചുപൂട്ടുന്നു. മോഡിക്കൊപ്പം സാധ്യതകളും വർധിക്കുന്നു (മോഡി ഹെയ് തോ മുമ്കിൻ ഹെയ്) എന്നാണ് ബിജെപി പറയുന്നത്. എന്നാൽ ബിജെപി വന്നതോടെ ആളുകളുടെ തൊഴിൽ നഷ്ടപ്പെട്ടു. കർഷകർ കഷ്ടപ്പെടുന്നു. മോഡി വന്നപ്പോൾ ഉള്ളിവിലയും തൊഴിലില്ലായ്മയും മാത്രമാണ് വർധിച്ചത്.’- പ്രിയങ്ക പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം, ഇന്ത്യയുടെ മോശമായ സാമ്പത്തികാവസ്ഥ, സർക്കാരിന്റെ ജനദ്രോഹനയങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് കോൺഗ്രസ് പ്രക്ഷോഭ റാലി സംഘടിപ്പിച്ചത്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മൻമോഹൻ സിങ് തുങ്ങിയ പ്രമുഖ നേതാക്കൾ റാലിയിൽ പങ്കെടുത്തിരുന്നു.

Exit mobile version