സ്‌കൂൾ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറി യുവാവ്; ഷൂസ് ഊരി യുവാവിനെ അടിച്ചോടിച്ച് പോലീസുകാരി; വീഡിയോ വൈറൽ

ലഖ്‌നൗ: രാജ്യത്തെ നിയമം സ്ത്രീകൾക്ക് വേണ്ടത്ര സുരക്ഷ നൽകുന്നില്ലെന്ന് പരാതി ഉയരുന്നത് പതിവായിരിക്കുകയാണ്. നിത്യേനെ സ്ത്രീകളും പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള പ്രായപൂർത്തിയാകാത്തവരും അതിക്രമങ്ങൾക്ക് ഇരയാകുന്നത് വാർത്തയായി പുറംലോകത്ത് എത്തുകയും ചെയ്യുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ നിന്നുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. സ്‌കൂൾ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ യുവാവിനെ പരസ്യമായി ഷൂസ് ഊരി തല്ലുന്ന പോലീസുകാരിയാണ് വീഡിയോയിലെ താരം. ഉത്തർപ്രദേശിലെ കാൺപൂരിലെ ബിത്തൂരിലാണ് സംഭവം. ചഞ്ചൽ ചൗരസിയ എന്ന പോലീസുകാരിയാണ് വീഡിയോയിലുള്ളത്.

നയീം ഖാൻ എന്ന യുവാവാണ് സ്‌കൂൾ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയതെന്നാണ് വിവരം. ഇതോടെ വിദ്യാർത്ഥിനികൾ പോലീസിനോട് പരാതി പറഞ്ഞു. പിന്നാലെ വനിതാ കോൺസ്റ്റബിൾ ചഞ്ചൽ ചൗരസിയ സ്ഥലത്തെത്തി ഇയാളെ പിടികൂടി. പരസ്യമായി തന്നെ ഇവർ ഇയാളെ കൈകാര്യം ചെയ്തു.

ആദ്യം യുവാവിന്റെ മുഖത്തടിച്ച ചഞ്ചൽ പിന്നീട് ഷൂ ഊരി യുവാവിനെ തലങ്ങും വിലങ്ങും മർദ്ദിക്കുകയായിരുന്നു. വീഡിയോ സമീപത്തുള്ളവർ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ പോലീസുകാരി സോഷ്യൽ മീഡിയയിലും വലിയ താരമായി.

Exit mobile version