പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി പ്രക്ഷോഭം; ഐഎസ്എല്ലും രഞ്ജി മത്സരങ്ങളും മാറ്റിവെച്ചു; ചർച്ചകൾ വിഫലം

ഗുവാഹത്തി: ദേശീയ പൗരത്വ ഭേദഗതി ബിൽ പാർലമെന്റിൽ പാസായതിന് പിന്നാലെ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ ഉടലെടുത്ത പ്രക്ഷോഭങ്ങൾക്ക് പിന്നാലെ എസ്എൽ, രഞ്ജി മത്സരങ്ങൾ മാറ്റിവെച്ചു. ഐഎസ്എല്ലിൽ ഗുവാഹത്തിയിൽ ഇന്ന് നടക്കേണ്ടിയിരുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ്- ചെന്നൈയിൻ എഫ്സി മത്സരമാണ് റദ്ദാക്കിയത്. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മത്സരം മാറ്റിവെച്ചതെന്ന് ഐഎസ്എൽ അധികൃതർ അറിയിച്ചു. രാത്രി 7.30നായിരുന്നു മത്സരം തുടങ്ങേണ്ടിയിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ആസാമിലെയും ത്രിപുരയിലെയും രഞ്ജി ട്രോഫി മത്സരങ്ങളും ഇതിനി പിന്നാലെ റദ്ദാക്കിയിട്ടുണ്ട്.

മത്സരം നടത്താൻ കഴിഞ്ഞ 48 മണിക്കൂറുകളായി അധികൃതർ വിവിധ കൂടിക്കാഴ്ചകൾ നടത്തിയെങ്കിലും എല്ലാം വിഫലമാവുകയായിരുന്നു. ആരാധകരുടെയും താരങ്ങളുടെയും സംഘാടകരുടെയും സുരക്ഷ പരിഗണിച്ച് മത്സരം മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് ഐഎസ്എൽ അധികൃതർ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഏഴ് കളികളിൽ നിന്നായി നോർത്ത് ഈസ്റ്റിന് 10ഉം ചെന്നൈയിന് ആറും പോയിന്റാണ് നിലവിൽ ഉള്ളത്. ഇന്നലെ ഗുവാഹത്തിയിൽ നടക്കേണ്ടിയിരുന്ന പരിശീലകരുടെ വാർത്താസമ്മേളനവും പ്രക്ഷോഭത്തെ തുടർന്ന് റദ്ദാക്കിയിരുന്നു.

പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിലും പാസായതിനെ തുടർന്ന് ഇന്ന് ആസാമിൽ ഉൾഫ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗുവാഹത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിക്കുകയാണ്. ആസാമിലും ത്രിപുരയിലും പ്രക്ഷോഭവുമായി ആയിരങ്ങൾ തെരുവിലിറങ്ങി. ഇരു സംസ്ഥാനങ്ങളിലും സൈന്യം സുരക്ഷയൊരുക്കുന്നുണ്ട്.

Exit mobile version