തോറ്റ ‘എംഎൽഎമാർക്കും’ വേണം മന്ത്രി സ്ഥാനം; തലപുകഞ്ഞ് യെദിയൂരപ്പ; ബിജെപി എംഎൽഎമാരും മന്ത്രിസ്ഥാനത്തിനായി നെട്ടോട്ടത്തിൽ

ബംഗളൂരു: കോൺഗ്രസിലേയും ജെഡിഎസിലേയും വിമതന്മാരായി അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് പുറകെ കൂടിയത് യെദിയൂരപ്പയ്ക്ക് തലവേദനയാകുന്നു. ഉപതെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച അയോഗ്യ എംഎൽഎമാരിൽ വിജയിച്ച 11 പേർക്കും യെദിയൂരപ്പ നേരത്തെ തന്നെ മന്ത്രി സ്ഥാനം വാഗ്ദാനം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് തോറ്റ രണ്ടുപേരും മന്ത്രിസ്ഥാനത്തിനായി വാശി തുടരുന്നത്. ഇതോടെ കർണാടകയിലെ മന്ത്രിസഭാ വികസനം യെദിയൂരപ്പയ്ക്ക് മുന്നിൽ വലിയ സമസ്യയായിരിക്കുകയാണ്.

ബിജെപി സീറ്റ് നൽകിയ 13 അയോഗ്യരും ഇന്നലെ യെഡിയൂരപ്പയെ സന്ദർശിച്ചു ചർച്ച നടത്തി. ഹൊസ്‌കോട്ടെയിലും ഹുൻസൂരിലും തോറ്റ എംടിബി നാഗരാജിനും എഎച്ച് വിശ്വനാഥിനും മന്ത്രിസ്ഥാനം ഉറപ്പാക്കണമെന്ന് ആവശ്യം ഗോഖക് എംഎൽഎ രമേഷ് ജാർക്കിഹോളിയാണു മുന്നോട്ടു വച്ചത്. അതേസമയം, കോൺഗ്രസ്-ജെഡിഎസ് മന്ത്രിസഭയെ വീഴ്ത്തിയവരിലെ പ്രമുഖരായ വിജയിച്ച 11 പേർക്കും മന്ത്രിസ്ഥാനം നൽകിയാൽ ബിജെപിയിൽ നിന്നുള്ള 5 പേർക്കു കൂടിയേ ഇനി മന്ത്രിസഭയിൽ ഇടം ലഭിക്കൂ. ഇത് വ്യക്തമായതോടെ ആദ്യഘട്ട മന്ത്രിസഭാ വികസനത്തിൽ അവസരം ലഭിക്കാത്ത ബിജെപിയിലെ മുതിർന്ന ചില നേതാക്കൾ മന്ത്രിസ്ഥാനം ഉറപ്പാക്കാനായി നേതൃത്വത്തിന് മുന്നിലേക്ക് ഓടുകയാണ്. മുന്തിയ തസ്തികകൾക്കായുള്ള സമ്മർദ്ദവും പുതിയ എംഎൽഎമാരിൽ നിന്നുണ്ട്. ഈ തസ്തികകൾ നഷ്ടപ്പെടാതിരിക്കാനുള്ള നീക്കവുമായി ചില മന്ത്രിമാരും സജീവമാണ്.

ഇതിനിടെ ഇരട്ട പ്രഹരമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായെ സന്ദർശിക്കാൻ 13 പേരും യെദിയൂരപ്പയോട് അവസരവും തേടി. എന്നാൽ പാർലമെന്റ് സമ്മേളനം കഴിയും വരെ കാത്തുനിൽക്കാൻ നിർദേശിച്ചാണ് ഇതിനെ യെദിയൂരപ്പ മറികടന്നത്. തോറ്റവർക്കു കൂടി മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം മുഖ്യമന്ത്രിയും അമിത്ഷായും ചേർന്ന് തീരുമാനിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം യശ്വന്തപുര എംഎൽഎ എസ്ടി സോമശേഖർ വിശദീകരിച്ചു.

Exit mobile version