ഇന്ത്യയെ വിഭജിച്ചത് കോൺഗ്രസല്ല; ജിന്നയ്ക്ക് ഒപ്പം ചേർന്ന് ദ്വിരാഷ്ട്രവാദം മുന്നോട്ടുവച്ചത് ഹിന്ദുമഹാസഭ; അമിത് ഷായ്ക്ക് എണ്ണി എണ്ണി മറുപടി നൽകി കോൺഗ്രസ്

ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി ബില്ലിന്മേൽ രാജ്യസഭയിൽ ചർച്ച തുടരുന്നതിനിടെ കേന്ദ്രമന്ത്രി അമിത് ഷായുടെ ആരോപണങ്ങൾക്ക് കൃത്യമായ മറുപടിയുമായി കോൺഗ്രസ്. കേന്ദ്രം അവതരിപ്പിച്ച പൗരത്വ ബിൽ ഇന്ത്യയുടെ ആത്മാവിനെ മുറിവേൽപ്പിക്കുന്നതാണെന്നു കോൺഗ്രസ് എംപി ആനന്ദ് ശർമ്മ പറഞ്ഞു. എൻഡിഎ കൊണ്ടുവന്ന ബിൽ ഇന്ത്യൻ ഭരണഘടനയുടെ അടിത്തറയ്ക്കു നേരേയുള്ള ആക്രമണമാണ്. ഇത് ഇന്ത്യയുടെ ആത്മാവിനെ വേദനിപ്പിക്കുന്നു. അത് നമ്മുടെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആസാമിലെ കുടിയേറ്റ ക്യാംപുകളിലേക്ക് സർവകക്ഷി സംഘത്തെ അയക്കണമെന്നും ആനന്ദ് ശർമ്മ ആവശ്യപ്പെട്ടു. മൃഗതുല്യമായ ജീവിതമാണ് കുടിയേറ്റക്കാർ നയിക്കുന്നത്. കോൺഗ്രസ്, വിഭജനത്തെ പിന്തുണച്ചിരുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദത്തെയും ആനന്ദ് ശർമ്മ ശക്തമായി എതിർത്തു. ഇന്ത്യയെ വിഭജിക്കുക എന്ന ആശയത്തെ കോൺഗ്രസ് ശക്തമായി എതിർത്തു. ദ്വിരാഷ്ട്രവാദം മുന്നോട്ടുവച്ചത് ഹിന്ദുമഹാസഭയാണ്. സവർക്കറും ജിന്നയും ഒന്നിച്ചുനിന്നെന്നും ആനന്ദ ശർമ്മ പറഞ്ഞു.

കഴിഞ്ഞദിവസം ലോക്‌സഭയിൽ പാസാക്കിയ പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിൽ ഇന്ന് ഉച്ചയ്ക്ക് അമിത് ഷാ അവതരിപ്പിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ ബില്ലിൽ ചർച്ച പുരോഗമിക്കുകയാണ്. ആറുമണിക്കൂറാണ് ചർച്ചയ്ക്കായി നീക്കിവച്ചിട്ടുള്ളത്. പൗരത്വ ബിൽ ചരിത്രപരമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ അഭിപ്രായപ്പെട്ടത്. എല്ലാം മുസ്ലിം അഭയാർത്ഥികൾക്കും പൗരത്വം നൽകാനാവില്ല. എന്നാൽ ഇന്ത്യയിലെ മുസ്ലിങ്ങൾ ഭയപ്പടേണ്ടതില്ലെന്നും അവരെല്ലാം സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version