ബിജെപി എംഎൽഎ ബലാത്സംഗം ചെയ്തു; കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുന്നു; പരാതിയുമായി മോഡിക്ക് മുന്നിലേക്ക് വനിതാ ഡോക്ടർ

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ബിജെപി എംഎൽഎയ്ക്ക് എതിരെ ഗുരുതരമായ അതിക്രമ ആരോപണവുമായി വനിതാ ഡോക്ടർ രംഗത്ത്. എംഎൽഎ ഗ്രൂക്ക് പൊഡുങ് തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് അരുണാചലിലെ ഡോക്ടർ പരാതിപ്പെട്ടിരിക്കുന്നത്. ഒക്ടോബർ 12ന് ഔദ്യോഗിക യോഗത്തിനെന്ന പേരിൽ മെഡിക്കൽ ഓഫീസറായ തന്നെ എംഎൽഎ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി.

പോലീസ് എഫ്‌ഐആറിൽ കൃത്രിമം കാട്ടി കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും യുവതി ആരോപിച്ചു. സംഭവം നടന്ന് രണ്ട് മാസമായിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെ ഉൾപ്പടെ കണ്ട് പരാതി നൽകാനാണ് യുവതി ന്യൂഡൽഹിയിൽ എത്തിയിരിക്കുന്നത്. സംഭവം നടന്ന അന്നുതന്നെ പോലീസിൽ പരാതി നൽകിയിരുന്നു.

പോലീസ് കേസ് എടുത്തെങ്കിലും എഫ്‌ഐആറിൽ എംഎൽഎയ്ക്ക് എതിരെ കുറ്റം ചുമത്തിയിരിക്കുന്നത് പെട്ടെന്ന് ജാമ്യം കിട്ടാവുന്ന വകുപ്പുകൾ ചേർത്താണ്. തന്റെ മൊഴി കൃത്യമായി പോലീസ് രേഖപ്പെടുത്തിയില്ല. എംഎൽഎയ്ക്ക് എതിരെ പരാതി നൽകിയാൽ അതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പോലീസ് തന്നെ ഉപദേശിക്കുകയായിരുന്നു എന്നും യുവതി പറയുന്നു. കേസിൽ ജാമ്യം കിട്ടിയ എംഎൽഎ തന്നെയും കുടുംബത്തെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. അരുണാചൽ സർക്കാരിൽ നിന്നും പോലീസിൽ നിന്നും നീതി ലഭിക്കാതെ വന്നതോടെയാണ് ഡൽഹിയിലേക്ക് എത്തിയതെന്ന് വനിതാ ഡോക്ടർ പറയുന്നു. രണ്ട് മാസമായി വലിയ മാനസിക പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണെന്നും യുവതി പറഞ്ഞു.

Exit mobile version