‘പോലീസ് ചെയ്തതില്‍ തെറ്റൊന്നുമില്ല; ഹൈദരാബാദ് ഏറ്റുമുട്ടലില്‍ ചന്ദ്രശേഖര റാവുവിനെ അഭിനന്ദിച്ച് ജഗന്‍ മോഹന്‍ റെഡ്ഡി

തെലങ്കാന: ഹൈദരാബാദില്‍ വനിതാ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗ ചെയ്ത് കൊന്ന് കത്തിച്ച കേസിലെ പ്രതികളെ, ഏറ്റുമുട്ടലില്‍ വധിച്ച പോലീസ് നടപടിയില്‍ വിവാദങ്ങള്‍ തുടരുകയാണ്. ഇതിനിടെ വിഷയത്തില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് അഭിനന്ദനങ്ങളുമായി ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി രംഗത്തെത്തിയിരിക്കുകയാണ്.

അഭിനന്ദനം അറിയിച്ചുകൊണ്ട് കെസിആറിന് ജഗന്‍ മോഹന്‍ റെഡ്ഡി സന്ദേശം അയച്ചു.’പോലീസ് ചെയ്തതില്‍ തെറ്റൊന്നുമില്ലെന്ന് ജഗന്‍ സന്ദേശത്തില്‍ പറഞ്ഞു. തനിക്ക് രണ്ട് പെണ്‍കുട്ടികളും ഒരു പെങ്ങളും ഭാര്യയുമുണ്ട്. രണ്ട് പെണ്മക്കളുടെ പിതാവെന്ന നിലയില്‍ ഈ സംഭവം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഒരു അച്ഛനെന്ന നിലയില്‍ ഇത്തരം സംഭവങ്ങളോട് താനെങ്ങനെയാണ് പ്രതികരിക്കേണ്ടത്. ഏത് തരത്തിലുള്ള ശിക്ഷയാണ് ഒരു പിതാവിന് ആശ്വാസം നല്‍കുക.- ജഗന്‍ പറഞ്ഞു.

സിനിമയില്‍ നായകന്‍ ആരെയെങ്കിലും ഏറ്റുമുട്ടലില്‍ വധിച്ചാല്‍ നമ്മള്‍ നല്ല സിനിമയെന്ന് പറഞ്ഞ് കയ്യടിക്കും. ധൈര്യമുള്ള ഒരു മനുഷ്യന്‍ യഥാര്‍ഥ ജീവിതത്തില്‍ അത് ചെയ്താല്‍ ചിലര്‍ മനുഷ്യാവകാശത്തിന്റെ പേരും പറഞ്ഞ് ഡല്‍ഹിയില്‍ നിന്നും ഇറങ്ങും. അവര്‍ ഇത് തെറ്റാണെന്ന് പറയുമെന്നും ജഗന്‍ പറഞ്ഞു. ടിവി ചാനലുകളില്‍ എന്തോ തെറ്റ് സംഭവിച്ചതായാണ് പറയുന്നതെന്നും ജഗന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version