പൊടുന്നനെ കുഴഞ്ഞുവീഴുന്നു; ആന്ധ്രയില്‍ അജ്ഞാതരോഗം പടര്‍ന്നു പിടിക്കുന്നു; ഇതുവരെ രോഗം ബാധിച്ചത് 292 പേര്‍ക്ക്, ഒരു മരണം

mystery illness | bignewslive

എല്ലൂരു: കൊവിഡ് എന്ന മഹാമാരിയുടെ പിടിയില്‍ നിന്ന് കരകയറുന്നതിന് മുന്‍പേ ആന്ധ്രാപ്രദേശില്‍ ഭീതി നിറച്ച് അജ്ഞാതരോഗം. ഇതുവരെ 292 പേര്‍ക്കാണ് രോഗം പിടിപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച രോഗബാധിതനായ ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.

292 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 140 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. മറ്റുളളവരുടെ നില തൃപ്തികരമാണെന്ന് പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു. അതേസമയം, രോഗകാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗികള്‍ അപസ്മാരം, ഛര്‍ദി എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് ഉടനെ ബോധരഹിതരാവുകയായിരുന്നു.

ഇതേ ലക്ഷണങ്ങളോടെ വിജയവാഡയിലെ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ പ്രവേശിപ്പിച്ച 45കാരനാണ് വൈകീട്ടോടെ മരണപ്പെട്ടത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരില്‍ ഭൂരിഭാഗം പേരും വളരെ വേഗം തന്നെ രോഗമുക്തരാകുന്നുണ്ട്. എന്നാല്‍ ഏഴുപേരെ വിദഗ്ധ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

രോഗികളെ ചികിത്സിക്കുന്നതിനായി ഡോക്ടര്‍മാരുടെ പ്രത്യേക സംഘവും എത്തിയിട്ടുണ്ട്. മുന്‍കരുതലെന്നോണം വീടുകള്‍ തോറും സര്‍വേ നടത്തി വരികയാണ്.

Exit mobile version