പൗരത്വ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍; എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ്; അനുകൂലിക്കുമെന്ന് ശിവസേന

ന്യൂഡല്‍ഹി; പൗരത്വ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്. പാര്‍ട്ടി എംപിമാരക്ക് ബിജെപി വിപ്പ് നലകിയിട്ടുണ്ട്. അതെസമയം ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എന്നാല്‍ ശിവസേന ബില്ലിനെ അനുകൂലിക്കും.

പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിംകള്‍ ഒഴികെയുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം അനുവദിക്കാനാണ് ഭേദഗതി. ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രൈസ്തവ സമുദായക്കാര്ക്കാണ് ബില്ലിന്റെ ആനുകൂല്യം ലഭിക്കുക.

ജനുവരിയില്‍ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയിരുന്നെങ്കിലും പ്രതിപക്ഷ എതിര്‍പ്പു മൂലം രാജ്യസഭയില്‍ അവതരിപ്പിക്കാനാകാതെ കാലഹരണപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഭേദഗതി ചെയ്ത് വീണ്ടും അവതരിപ്പിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധം തണുപ്പിക്കാന്‍ പുതിയ ബില്ലില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നാണ് സൂചന.

അസം, മേഘാലയ, മിസോറം, ത്രിപുര സംസ്ഥാനങ്ങളിലെ ഗോത്ര മേഖലകള്‍ക്ക് ബില്‍ ബാധകമാകില്ല. അരുണാചല്‍, മിസോറം, നാഗാലന്‍ഡ് സംസ്ഥാനങ്ങളില്‍ പ്രവേശന പെര്‍മിറ്റ് ആവശ്യമായ മേഖലകളും ബില്ലിന്റെ പരിധിയില്‍ വരില്ല. പൗരത്വം മതം അടിസ്ഥാനമാക്കിയാകരുതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെ എതിര്‍ക്കുന്നു. എന്നാല്‍ ശിവസേന ബില്ലിനെ പിന്തുണയ്ക്കും.

പൗരത്വ ഭേദഗതി ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി ബില്‍ ഭരണഘടന വിരുദ്ധമാണെന്നും, മതേതര മൂല്യങ്ങളെയും, സംസ്‌കാരത്തെയും പാരമ്പര്യത്തെയും ലംഘിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version