പരിക്കിനെ വകവയ്ക്കാതെ ആളിപ്പടര്‍ന്ന തീയില്‍ നിന്നും 11 പേര്‍ക്ക് പുതുജീവനേകി; താരമായി അഗ്നിശമനസേനാംഗം

ന്യൂഡല്‍ഹി: തലസ്ഥാനത്തെ തീപ്പിടിത്തത്തില്‍ നാല്‍പ്പതിലധികം പേര്‍ ദാരുണമായി കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് രാജ്യം. ഡല്‍ഹിയിലെ നരേല അനന്ദ്മാണ്ഡിയിലെ ബാഗ്-പേപ്പര്‍ ഫാക്ടറിയിലുണ്ടായ തീപ്പിടുത്തത്തില്‍ 43 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

അതേസമയം, ഫാക്ടറിയിലെ വന്‍ തീപ്പിടിത്തത്തില്‍ നിന്നും 11 പേരെ അതിസാഹസികമായി രക്ഷപ്പെടുത്തിയ അഗ്നിശമനസേനാംഗമാണ് ഇപ്പോള്‍ താരമായിരിക്കുന്നത്. ഞായറാഴ്ച രാവിലെ അനന്ദ്മാണ്ഡിയിലെ ബാഗ്-പേപ്പര്‍ ഫാക്ടറിയിയറാണ് തീപ്പിടിത്തമുണ്ടായത്.

നിരവധി പേര്‍ കൊല്ലപ്പെട്ട തീപ്പിടുത്തത്തില്‍ നിന്നും 11 പേരെയാണ് രാജേഷ് ശുക്ല എന്ന ഉദ്യോഗസ്ഥന്‍ രക്ഷപ്പെടുത്തിയത്. കെട്ടിടത്തിനുള്ളിലേക്ക് ആദ്യം പ്രവേശിച്ച അഗ്‌നിശമനസേനാ ഉദ്യോഗസ്ഥരില്‍ ഒരാളാണ് രാജേഷ്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപ്പിടത്തത്തിന് കാരണമെന്നാണ് സൂചന. ഫാക്ടറിക്കുള്ളില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

രക്ഷാപ്രവര്‍ത്തനത്തിനിടെ രാജേഷിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തെ പിന്നെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡല്‍ഹി ആഭ്യന്തര മന്ത്രി സത്യേന്ദ്ര ജയിന്‍ ആശുപത്രിയിലെത്തി രാജേഷിനെ അഭിനന്ദിച്ചു. പരിക്ക് വകവെക്കാതെയാണ് ഇദ്ദേഹം രക്ഷാപ്രവര്‍ത്തനം നടത്തിയത്. രാജേഷ് ശുക്ലയാണ് യഥാര്‍ഥ നായകനെന്നും അദ്ദേഹത്തെ സല്യൂട്ട് ചെയ്യുന്നുവെന്നും സത്യേന്ദ്ര ജയിന്‍ പിന്നീട് ട്വീറ്റ് ചെയ്തു.

Exit mobile version