‘ബലാത്സംഗം ചെയ്യപ്പെട്ട ശേഷം പരാതിയുമായി വരൂ”; നടുറോഡിൽ വെച്ചുണ്ടായ ബലാത്സംഗ ശ്രമത്തിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടിയോട് ഉന്നാവ് പോലീസ്

ഉന്നാവ് (യുപി): ഉന്നാവ് യുവതികൾക്ക് എതിരെയുള്ള അതിക്രമങ്ങളുടെ പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച യുപിയിലെ ജില്ലയാണ്. ഇവിടെയാണ് ബലാത്സംഗക്കേസിലെ പ്രതികൾ ജാമ്യത്തിലിറങ്ങി ഇരയെ തീവെച്ച് കൊലപ്പെടുത്തിയത്. ബിജെപി എംഎൽഎ കുൽദ്വീപ് സിങ്ങ് സേംഗറും കൂട്ടാളികളും യുവതിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന കേസും ഇവിടെയാണുള്ളത്. ഉന്നാവിലെ ജനപ്രതിനിധിയാണ് സേംഗർ. പതിനൊന്ന് മാസത്തിനിടെ 86 ബലാത്സംഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലമാണ് ഉന്നാവ്.

ഈ വാർത്തകളെല്ലാം രാജ്യത്തെ തന്നെ നടുക്കുന്നതിനിടയിൽ ഉന്നാവ് പോലീസിനെതിരെ കടുത്ത ആരോപണം ഉന്നയിച്ച് ഹിന്ദ്പുർ സ്വദേശിനിയായ യുവതി രംഗത്തെത്തി. തന്നെ ബലാത്സംഗം ചെയ്യാൻ ഗ്രാമത്തിലെ പുരുഷന്മാരിൽ ചിലർ ശ്രമിക്കുന്നുണ്ടെന്ന് പരാതി ഉന്നയിച്ച യുവതിയോട് ബലാത്സംഗം ചെയ്യപ്പെട്ട ശേഷം പരാതി നൽകാൻ പോലീസ് ആവശ്യപ്പെടുകയായിരുന്നു എന്നാണ് പെൺകുട്ടി ആരോപിക്കുന്നത്. യുവതിയെ തീകൊളുത്തി കൊന്ന അതേ സ്ഥലത്താണ് ഈ സംഭവം.

മൂന്ന് മാസങ്ങൾക്ക് മുമ്പ് മരുന്നുവാങ്ങാൻ യുവതി പോകുമ്പോഴാണ് ബലാത്സംഗ ശ്രമമുണ്ടായത്. മൂന്ന് പേരെത്തി യുവതിയുടെ വസ്ത്രം വലിച്ചു കീറാൻ ശ്രമിച്ചു. യുവതി വനിതാ ഹെൽപ്പ് ലൈൻ നമ്പറായ 1090 വിളിച്ചപ്പോൾ 100 ൽ വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. 100 വിളിച്ചപ്പോൾ ഉന്നാവ് പോലീസിൽ പരാതി നൽകാൻ ആവശ്യപ്പെടുകയായിരുന്നു.

അക്രമികളിൽ നിന്നും രക്ഷപ്പെട്ട യുവതി ഉന്നാവ് പോലീസിൽ പരാതി നൽകിയപ്പോഴാണ് ബലാത്സംഗം ചെയ്യപ്പെട്ട ശേഷം പരാതി നൽകാൻ പോലീസ് ആവശ്യപ്പെട്ടത്. യുവതിയുടെ പരാതി വാങ്ങാതെ പോലീസ് മടക്കി അയയ്ക്കുകയും ചെയ്തു. മൂന്ന് മാസത്തോളം യുവതി പോലീസ് സ്‌റ്റേഷനിൽ കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ബലാത്സംഗം ചെയ്യാൻ ശ്രമിച്ചവർ യുവതിയെ തുടരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി പരാതിപ്പെടാൻ ശ്രമിച്ചതിനാണ് ഭീഷണിപ്പെടുത്തൽ.

Exit mobile version