ബിരിയാണിയില്‍ ഉള്ളിയില്ല; യുവാക്കളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ അടിയോടടി

ബംഗളൂരു: ഉള്ളി നിയന്ത്രണമില്ലാതെ ഉയരുമ്പോള്‍ ഭക്ഷണങ്ങളില്‍ നിന്ന് ഉള്ളി അപ്രത്യക്ഷമാകുകയാണ്. എന്നാല്‍ അത് ഭക്ഷണപ്രിയരെ സംബന്ധിച്ച് അത് അംഗീകരിക്കുക എന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യവുമാണ്. അങ്ങനെ ബിരിയാണി ഓര്‍ഡര്‍ ചെയ്തവര്‍ക്ക് ഉള്ളിയില്ലാത്ത ബിരിയാണി കിട്ടിയപ്പോള്‍ സംഭവം കയ്യാങ്കളിയായിരിക്കുകയാണ്.

ബംഗളൂരിലെ ബെളഗാവി നെഹ്‌റു നഗറിലെ ഹോട്ടലിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി ശ്രീകാന്ത് ഹദിമനി (19), അങ്കുഷ് ചളഗേരി (24) എന്നീ യുവാക്കള്‍ ഭക്ഷണം കഴിക്കാനെത്തിയിരുന്നു. ഓര്‍ഡര്‍ പ്രകാരം ബിരിയാണി വിളമ്പിയപ്പോള്‍ അതില്‍ ഉള്ളിയില്ലെന്ന് കണ്ടതോടെ ഇവര്‍ ജോലിക്കാരനോട് ചൂടായി.

ഉള്ളിക്ക് വില കൂടിയതാണ് ഉള്ളി ഒഴിവാക്കിയതിന് കാരണമെന്ന് ജീവനക്കാര്‍ അറിയിച്ചെങ്കിലും വാക്തര്‍ക്കം മൂത്ത് ഒടുവില്‍ കൈയ്യാങ്കളിയിലെത്തുകയായിരുന്നു.
രണ്ടുപേരെയും ഹോട്ടലിലെ ജീവനക്കാര്‍ നന്നായി പെരുമാറിയതോടെ ഇരുവരെയും പരിക്കുകളുമായി ബെളഗാവി സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാക്കള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ മല്‍മാരുതി പോലീസ് കേസെടുക്കുകയും ചെയ്തു.

ബെഗളഗാവി, ഗദക് അടക്കമുള്ള വടക്കന്‍ കര്‍ണാടക മേഖലയില്‍ സവാള കൃഷി ചെയ്യുന്നുണ്ട്. കള്ളന്മാരുടെ ശല്യം തടയാന്‍ കര്‍ണാടകയിലെ ഗദകിലെ ഉള്ളി കര്‍ഷകര്‍ പാതിരാത്രി തങ്ങളുടെ കൃഷിക്ക് ഉറക്കമൊഴിച്ചു കാവലിരിക്കുകയാണ്.

ഇത്തവണ വില കുത്തനെ ഉയര്‍ന്നതോടെ ബെളഗാവി എപിഎംസി മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം റെക്കോഡ് വിലക്കാണ് ഉള്ളി വിറ്റുപോയത്. ഒരു ക്വിന്റലിന് 15,000 മുതല്‍ 16,000 രൂപ വരെയായിരുന്നു കഴിഞ്ഞ ദിവസത്തെ മാര്‍ക്കറ്റ് നിരക്ക്. 2013-14 വര്‍ഷത്തിലാണ് ഇതിനു മുമ്പ് ഉള്ളിക്ക് കൂടിയ വില എത്തിയത്. അന്ന് ക്വിന്റലിന് 9000 രൂപ വരെ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു.

Exit mobile version