ഉന്നാവോയില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊന്ന സംഭവം; സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി അഖിലേഷ് യാദവ്

നിയമസഭയുടെ മുമ്പില്‍ കുത്തിയിരുന്നാണ് അഖിലേഷ് യാദവ് പ്രതിഷേധിച്ചത്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പീഡനപരാതി നല്‍കിയ യുവതിയെ പ്രതികള്‍ തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി അഖിലേഷ് യാദവ്. നിയമസഭയുടെ മുമ്പില്‍ കുത്തിയിരുന്നാണ് അഖിലേഷ് യാദവ് പ്രതിഷേധിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെയ്ക്കണമെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്.

‘ഇത് അത്യധികം കുറ്റകരമായ സംഭവമാണ്. ഇത് ഒരു കറുത്ത ദിനമാണ്. ഈ ബിജെപി സര്‍ക്കാരിന് കീഴില്‍ ഇത് ആദ്യമായല്ല ഇങ്ങനെയൊരു സംഭവം ഉണ്ടാകുന്നത്. കുറ്റക്കാരെ വെടിവച്ചുകൊല്ലുമെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു, പക്ഷേ അവര്‍ക്ക് ഒരു മകളുടെ ജീവന്‍ രക്ഷിക്കാനായില്ല. മുഖ്യമന്ത്രി, ഹോം സെക്രട്ടറി, ഡിജിപി എന്നിവര്‍ ഇതുവരെയും രാജിവെച്ചിട്ടില്ല, നീതി ലഭിക്കുകയില്ല’ എന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്.

ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധം ആളിക്കത്തുകയാണ്. സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലുള്ള അഞ്ച് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന ആവശ്യവുമയി പെണ്‍കുട്ടിയുടെ കുടുംബവും രംഗത്ത് എത്തിയിട്ടുണ്ട്.

Exit mobile version