ജാര്‍ഖണ്ഡില്‍ വോട്ടിംഗ് പുരോഗമിക്കുന്നതിനിടെ വെടിവെയ്പ്പ്; ആളപായമില്ല

ഗുംല ജില്ലയിലെ സിര്‍സ മണ്ഡലത്തിലെ പോളിംഗ് ബൂത്തിലാണ് വെടിവെയ്പ്പ് ഉണ്ടായത്

റാഞ്ചി: ജാര്‍ഖണ്ഡില്‍ വോട്ടിംഗ് പുരോഗമിക്കുന്നതിനിടെ വെടിവെയ്പ്പ്. ഗുംല ജില്ലയിലെ സിര്‍സ മണ്ഡലത്തിലെ പോളിംഗ് ബൂത്തിലാണ് വെടിവെയ്പ്പ് ഉണ്ടായത്. ബൂത്തിനു പുറമെ സര്‍ക്കാര്‍ വാഹനത്തിന് നേരെയും വെടിവെയ്പ്പ് ഉണ്ടായി. രണ്ടാംഘട്ട വോട്ടിംഗ് ആണ് ജാര്‍ഖണ്ഡില്‍ നടക്കുന്നത്. ഏഴുജില്ലകളിലെ 20 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.

വെടിവെപ്പിനെ തുടര്‍ന്ന് വോട്ടിംഗ് കുറച്ചുസമയത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അതേസമയം ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ ആക്രമണസാധ്യത കണക്കിലെടുത്ത് കൂടുതല്‍ സിആര്‍പിഎഫ് സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ഇവിടെ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 40,000ത്തില്‍ അധികം കേന്ദ്രസേനയെയാണ് സുരക്ഷയുടെ ഭാഗമായി ഇവിടെ വിന്യസിച്ചിട്ടുള്ളത്.

ജാര്‍ഖണ്ഡില്‍ രണ്ടാംഘട്ടത്തില്‍ 20 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ബിജെപി മുഖ്യമന്ത്രി രഘുബര്‍ ദാസ് മല്‍സരിക്കുന്ന ജംഷഡ്പൂര്‍ ഈസ്റ്റ് മണ്ഡലത്തിലും ഇന്നാണ് വോട്ടെടുപ്പ്. രണ്ടാംഘട്ടത്തില്‍ 9 മണിവരെ ഏകദേശം 13.03 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ച് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഇരുപതിനാണ് അഞ്ചാമത്തെയും അവസാനത്തെയും വോട്ടെടുപ്പ് നടക്കുന്നത്. 23 നാണ് വോട്ടെണ്ണല്‍.

Exit mobile version