മോട്ടോര്‍വാഹനനിയമത്തില്‍ നിര്‍ദേശിക്കുന്ന തുക കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല; കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പുതുക്കിയ മോട്ടോര്‍വാഹനനിയമത്തില്‍ നിര്‍ദേശിക്കുന്ന തുക കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ചില സംസ്ഥാനങ്ങള്‍ മോട്ടോര്‍വാഹനനിയമഭേദഗതി പ്രകാരമുള്ള പിഴത്തുക കുറച്ചിരുന്നു. സംഭവത്തില്‍ നിയമമന്ത്രാലയത്തോട് സെപ്റ്റംബറില്‍ ഗതാഗതമന്ത്രാലയം നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തില്‍ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ നിയമം നടപ്പാക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ സാധിക്കുമെന്നും കേന്ദ്രം അറിയിച്ചു. കേരളവും ഗുജറാത്തുമുള്‍പ്പെടെ ചില സംസ്ഥാനങ്ങളാണ് മോട്ടോര്‍വാഹനനിയമഭേദഗതി പ്രകാരമുള്ള പിഴത്തുക കുറച്ചത്. നിയമഭേദഗതി വന്നതിനുശേഷം കുറഞ്ഞ പിഴയീടാക്കിയ ആദ്യസംസ്ഥാനം ഗുജറാത്താണ്. ഇതിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളും പിഴത്തുക കുറച്ചു.

തുടര്‍ന്ന് നിയമമന്ത്രാലയത്തോട് ഗതാഗതമന്ത്രാലയം നിയമോപദേശം തേടി. നിയമം പാര്‍ലമെന്റ് പാസാക്കിയതായതിനാല്‍ അതിനെ മറികടന്ന് കുറഞ്ഞ പിഴയീടാക്കാനുള്ള നിയമമുണ്ടാക്കാന്‍ സംസ്ഥാനങ്ങള്‍ക്കു സാധിക്കില്ലെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.

കേന്ദ്രനിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കാന്‍ ഭരണഘടനയുടെ 256-ാം അനുച്ഛേദപ്രകാരം കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്. കൂടാതെ 356-ാം അനുച്ഛേദപ്രകാരം സംസ്ഥാനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ സാധിക്കുമെന്നും അറ്റോര്‍ണി ജനറല്‍ അഭിപ്രായപ്പെട്ടു.

Exit mobile version