പതിനൊന്ന് മാസത്തിനുള്ളില്‍ 90 ബലാത്സംഗക്കേസുകളാണ് ഉന്നാവില്‍ മാത്രം നടന്നത്; സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്; പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്ക് എതിരെ ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യുപി സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണ്. 11 മാസത്തിനുള്ളില്‍ 90 ബലാത്സംഗക്കേസുകളാണ് ഉന്നാവ് ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും പ്രിയങ്ക പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ ചുട്ടുകൊന്ന സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി.

‘യുപി സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണ്. 11 മാസത്തിനുള്ളില്‍ 90 ബലാത്സംഗക്കേസുകളാണ് ഉന്നാവ് ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ ക്രമസമാധനം നിലനിര്‍ത്തുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. യുപിയിലെ മെയ്‌ന്പുരിയിലെയും സമ്പലിലെയും അവസ്ഥ ഭയാനകമാണ്. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ഓരോ ദിവസവും വര്‍ധിച്ചു വരികയാണ്. – പ്രിയങ്ക പറഞ്ഞു.

സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു ശ്രമവും ഉണ്ടാകുന്നില്ല എന്നത് ഖേദകരമാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. ബലാത്സംഗത്തിന് ഇരയായാല്‍ യുപിയില്‍ ജീവിക്കുക ദുഷ്‌കരമാണ്. കുറ്റവാളികളെ സംരക്ഷിക്കുന്ന തിരക്കിലാണ് സര്‍ക്കാര്‍. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.

ഉന്നാവിലെ ബലാത്സംഗ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ യുപി പോലീസ് നാലുമാസം സമയമെടുത്തു. കഴിഞ്ഞ കുറച്ചു മാസമായി കേസിലെ പ്രധാനപ്രതി ജാമ്യത്തിലാണ്. നിര്‍ഭയ കേസിനു ശേഷം ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് ശക്തമായ ശിക്ഷ നല്‍കുന്നതിനുള്ള നിയമം വന്നെങ്കിലും അത് നടപ്പാകുന്നില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

Exit mobile version