വെറ്റിനറി ഡോക്ടറുടെ ഘാതകരെ കൊലപ്പെടുത്തിയത് ആഘോഷമാക്കി ജനങ്ങൾ; പൂക്കൾ വാരി വിതറിയും പോലീസുകാരെ ചുമലിലേറ്റിയും ആഘോഷം

ഹൈദരാബാദ്: തെലങ്കാനയിൽ വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി തീകൊളുത്തിയ കേസിലെ പ്രതികളായ നാലു പേരേയും പോലീസ് വെടിവെച്ചു കൊന്ന സംഭവത്തിൽ ആഘോഷവുമായി ജനങ്ങൾ. പ്രതികളെ പോലീസ് വെടിവെച്ച് കൊന്ന സ്ഥലത്തെത്തിയ നാട്ടുകാർ പുഷ്പവൃഷ്ടി നടത്തുകയും പോലീസുകാരെ തോളിലേറ്റി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

ഡോക്ടറുടെ അയൽവാസികളായ സ്ത്രീകൾ പോലീസ് ഉദ്യോഗസ്ഥർക്ക് മധുരം നൽകുകയും ജയ് വിളിക്കുകയും ചെയ്തു. സംഭവ സ്ഥലത്ത് എത്തിയവരും ഡിസിപിക്കും എസിപിക്കും ജയ് വിളിച്ചു.

അതേസമയം, നാല് പ്രതികളും പോലീസിനെ ആക്രമിച്ച് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കവെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു എന്നാണ് ഹൈദരാബാദ് പോലീസ് പറയുന്നത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഇന്ന് രാവിലെ 7.30യോടെയാണ് പോലീസ് ഇക്കാര്യം പുറത്തുവിട്ടത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടയിലാണ് സംഭവം.

വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ 26കാരിയായ മൃഗഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളിൽ നിന്നാണ് സൈബർബാദ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പോലീസുകാരെ സസ്‌പെന്റ് ചെയ്തിരുന്നു.

നവംബർ 27-ാം തീയതി രാത്രിയാണ് യുവഡോക്ടറെ ലോറി തൊഴിലാളികളായ പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊല്ലപ്പെടുത്തിയത്. പിന്നീട് പ്രതികൾ മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ച് റോഡരികിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

Exit mobile version