ഉന്നാവ് സംഭവം: 90 ശതമാനം പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരം; വിദഗ്ദ ചികിത്സയ്ക്കായി ഡല്‍ഹിയിലെത്തിക്കും

ന്യൂഡല്‍ഹി: ഗുരുതരമായി പൊള്ളലേറ്റ ഉന്നാവിലെ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലെത്തിക്കും. ഇതുമായി ബന്ധപ്പെട്ട് വിമാന യാത്രാ ക്രമീകരണങ്ങള്‍ നടത്താന്‍ ലഖ്നൗ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വൈകീട്ടോടെ യുവതിയെ വിമാനത്തില്‍ കൊണ്ടു പോകാനാണ് തീരുമാനം. 90 ശതമാനം പൊള്ളലേറ്റ യുവതി ലഖ്‌നൗ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഉന്നാവില്‍ നേരത്തെ ബിജെപി എംഎല്‍എ ഉള്‍പ്പെട്ട മറ്റൊരു ബലാത്സംഗ കേസ് രാജ്യമൊട്ടുക്കും ചര്‍ച്ചയായിരുന്നു. ആ കേസിലുള്‍പ്പെട്ട പെണ്‍കുട്ടി റായ്ബറേലിയില്‍ നടന്ന അപകടത്തില്‍പ്പെടുകയും നിലവില്‍ ചികിത്സയില്‍ തുടരുകയുമാണ്.

ഉന്നാവിലെ ഹിന്ദുനഗര്‍ ഗ്രാമത്തില്‍വച്ചാണ് കൂട്ടമാനഭംഗത്തിനിരയായി പരാതി നല്‍കിയ യുവതിയെ ജാമ്യത്തിലിറങ്ങിയ പ്രതി ഉള്‍പ്പെടെ അഞ്ച് പേരാണ് തട്ടിക്കൊണ്ടുപോയി പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.

കഴിഞ്ഞ മാര്‍ച്ചിലാണ് മൂന്ന് പേര്‍ ചേര്‍ന്ന് മാസങ്ങളോളം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. തുടര്‍ന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാവിലെ കേസിന്റെ വിചാരണയ്ക്ക് റായ്ബറേലി കോടതിയിലേക്ക് പോകുന്നതിനിടെയാണ് യുവതിയെ തട്ടിക്കൊണ്ടുപോയി തീ കൊളുത്തിയത്.

ആദ്യം സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് ലഖ്നൗവിലും എത്തിച്ച യുവതിയെയാണ് വിദഗ്ധ ചികിത്സയ്ക്കായി വിമാനമാര്‍ഗം അടിയന്തരമായി ഡല്‍ഹിയില്‍ എത്തിക്കുന്നത്.

Exit mobile version